കോട്ടയം: മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാവിഭാഗത്തിൽ ആറു പേർ അനധികൃതമായി ജോലി ചെയ്യുന്നതായി ആക്ഷേപം. ഇതിൽ നാലു പേർ സ്ത്രീകളാണ്. ഇതിൽ പ്രമുഖൻ മെഡിക്കൽ കോളജ് പരിസരത്തെ സർജിക്കൽ സ്ഥാപനത്തിന്റെ ഏജന്റാണ്. ഇയാൾക്കു വിവിധ സ്വകാര്യ മരുന്നുകമ്പനികൾ ലക്ഷങ്ങൾ മാസപ്പടി നൽകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
വർഷങ്ങളായി ഇവർ ജോലിയിൽ തുടരുകയാണ്. പിഎസ് സി, എംപ്ലോയ്മെന്റ്, അല്ലെങ്കിൽ ആശുപത്രി വികസനസൊസൈറ്റി മുഖേനയാണ് മെഡിക്കൽ കോളജിൽ നിയമനം നടത്തുന്നത്. എന്നാൽ ഇവർ ചട്ടം അനുസരിച്ചല്ല ജോലിയിൽ പ്രവേശിച്ചതും തുടരുന്നതുമെന്നാണ് ആക്ഷേപം.
കഴിഞ്ഞദിവസം മെഡിക്കൽ കോളജിലെ ഒഴിവുകൾ സംബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് വഴി അറിയിപ്പ് ഉണ്ടായിരുന്നു. രണ്ട് പരസ്യമാണു നൽകിയിരുന്നത്. അതിലൊന്നിൽ മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയാവിഭാഗത്തിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡാറ്റാ മാനേജർ തസ്തികയിൽ ഒരൊഴിവ് ഉണ്ടെന്നും യോഗ്യത കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കൂടാതെ ക്ലിനിക്കൽ സെറ്റുകൾ കൈകാര്യം ചെയ്യുന്നതിലും കാർഡിയോ തൊറാസിക് (ഹൃദയശസ്ത്രക്രിയാ ) ആൻഡ് വാസ്കുലർ സർജറി വിഭാഗത്തിൽ ഡാറ്റാ എൻട്രി എന്നിവ സംബന്ധിച്ച് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണമെന്നുമാണ്.
പ്രായം 18 നും 41 നും മധ്യേ. താത്പര്യമുള്ളവർ നവംബർ രണ്ടിനകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണമെന്നുമാണ് അറിയിപ്പ്. ഈ വിധത്തിൽ മെഡിക്കൽ കോളജ് അധികൃതർ പരസ്യം നൽകിയത് വർഷങ്ങളായി അനധികൃത ജോലി ചെയ്യുന്ന ഒരാളെ തിരുകി കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.