മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് കാന്പസിൽ തെരുവ് വിളക്കുകൾ കത്താത്തത് മെഡിക്കൽ കോളജ് വിദ്യാർഥിനികളുൾപ്പെടെയുള്ള കാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. നെഞ്ചുരോഗ ആശുപത്രിക്ക് മുന്നിലും പുതിയ ആശുപത്രിക്ക് പിൻവശത്തും, ത്യശൂർ ഭാഗത്ത് നിന്നും വരുന്ന റോഡായ അലുമിനി അസോസിയേഷൻ ഓഡിറ്റേറിയം വഴി, മോർച്ചറി പ്രദേശം, നഴ്സിംഗ് കോളജ് വഴി, മെൻസ് ഹോസ്റ്റൽ വഴി എന്നിവിടങ്ങളിൽ ആണ് ആഴ്ച്ചകളായി തെരുവ് വിളക്കുകൾ കത്താതായിട്ട.് ഇതുമൂലം സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി മെഡിക്കൽ കോളജ് കാന്പസ് മാറിയിരിക്കുകയാണ്.
നഴ്സിംഗ്, മെഡിക്കൽ, പാര മെഡിസിൻ വിദ്യാർഥികൾ, സ്ത്രി ജീവനക്കാർ അടക്കമുള്ളവർ രാത്രി കാലങ്ങളിൽ ജോലി കഴിഞ്ഞ് ക്വാർട്ടേഴസുകളിലേക്കും ഹോസ്റ്റലുകളിലേക്കും പോകാൻ സാധിക്കാത്ത അവസ്ഥയാണ്.
മഴക്കാലം ആയതോടെ ദുരിതം വർധിച്ചു. മെഡിക്കൽ കോളജ് പരിസരത്ത് പകൽ പോലും പിടിച്ചുപറിയും മോഷണവും പതിവായിരിക്കയാണ്. ദിവസങ്ങൾക്ക് മുന്പാണ് വനിത നഴ്സിനെ പിൻതുടർന്നെത്തിയ മോഷ്ടാവ് ആക്രമിച്ച് ബാഗ് തട്ടിയെടുത്തത്.
നഴ്സിംഗ് വിദ്യാർഥിയുടെ മാല പൊട്ടിച്ചെടുത്തതും, വടക്കാഞ്ചേരി സ്വദേശിയായ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തതും പട്ടാപ്പകലാണ്. അതുകൊണ്ടു തന്നെ രാത്രികാലങ്ങളിൽ സത്രികൾക്ക് തൊട്ടുടുത്തുള്ള ക്വാട്ടേഴ്സുകളിലേക്ക് പോലും ഒറ്റയ്ക്ക് പോകാൻ ഭയമായിരിക്കയാണ്. വിദ്യാർഥിനികൾ കൂട്ടമായാണ് രാത്രി സമയത്ത് ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നത്.
സാമൂഹ്യ വിരുദ്ധരുടെ ശല്യം മാത്രമല്ല തെരുവുനായ്ക്കളുടെ ശല്യവും ഏറെയാണ്. രാത്രികാലങ്ങളിൽ തെരുവുനായ്ക്കൾ കോളജ് കാന്പസിലെ വഴിയോരത്തും റേഡിലുമാണ് കിടക്കുന്നത്. ഇരുട്ടത്ത് വരുന്ന ആളുകൾ ഇവയെ പലപ്പോഴും കാണാറില്ല. അതുകൊണ്ട് തന്നെ ഇരുട്ടത്ത് റോഡിൽ കിടക്കുന്ന തെരുവുനായ്ക്കളെ ചവിട്ടുന്നത് മൂലം ഇവയുടെ ആക്രമണവും നേരിടേണ്ടി വരികയാണ്.
പുതിയ ആശുപത്രിയുടെ പിൻവശത്താണ് വിവിധ സ്വകാര്യ ലാബുകളും മെഡിക്കൽ ഷോപ്പുകളും കടകളും പ്രവർത്തിക്കുന്നത്. രാത്രി കാലങ്ങളിൽ എത്തുന്ന ഭൂരിഭാഗം രോഗികൾക്കും വിവിധ ലാബ് പരിശോധനകളും പുറമേയ്ക്കാണ് ഡോകടർമാർ എഴുതി കൊടുക്കുന്നത്.
പരിശോധന കുറിപ്പുമായി ലാബുകൾ തേടി ഇരുട്ടത്ത്് അലഞ്ഞു നടക്കുന്ന രാത്രികാല കാഴ്ച്ചകളും ഇവിടെ പതിവാണ്. കാന്പസിൽ എല്ലാ ഭാഗത്തും ഇരുനൂറ് തെരുവ് വിളക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിൽ ഭൂരിഭാഗവും ഉപയോഗശൂന്യമാണ്. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് വൻതുക നവീകരണ പ്രവർത്തികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയെങ്കിലും ഒന്നും പ്രവൃത്തിയിൽ കാണുന്നില്ലെന്നതാണ് സത്യാവസ്ഥ.