ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ അടിപ്പാത നിർമാണം രോഗികളെയും യാത്രക്കാരെയും വലയ്ക്കുന്നതായി പരാതി. ഗതാഗതക്കുരുക്കാണ് ആംബുലന്‍സില്‍ വരുന്ന രോഗികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നത്.
ആശുപത്രിയിലെത്താൻ വൈകുന്ന സാഹചര്യമാണു നിലവിലുള്ളത്. ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിന്റെ വീതി കൂട്ടുന്നതിനായി ഓട്ടോറിക്ഷ തൊഴിലാളികള്‍ നിര്‍മിച്ച വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. പൂഴി നിരത്തിയാണു റോഡിനു വീതിയുണ്ടാക്കിയത്. അതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുന്പോൾ പൊടിശല്യവും രൂക്ഷമാണ്.
പാത നിര്‍മാണത്തോടനുബന്ധിച്ചു പകല്‍ മുഴുവന്‍ അപ്രഖ്യാപിത പവര്‍ കട്ടാണ്. രാവിലെ ഒമ്പതിനു വൈദ്യുതി ബന്ധം വിച്ഛേദിച്ചാല്‍ വൈകുന്നേരം ആറിനുശേഷമേ പുനഃസ്ഥാപിക്കു. ഈ ഭാഗത്തുള്ള വീടുകളും വ്യാപാരികളും ഇതുമൂലം വലിയ ക്ലേശമാണ് അനുഭവിക്കുന്നത്.
ബസ്, ടാക്സി, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾക്കു സുഗമമായി കടന്നുപോകാൻ സൗകര്യമൊരുക്കണമെന്നും ആംബുലന്‍സിനും രോഗികളുമായി വരുന്ന മറ്റു വാഹനങ്ങൾക്കും ആശുപത്രിയില്‍ പ്രവേശിക്കുവാന്‍ മറ്റൊരു ഗെയ്റ്റ് തുറന്നുകൊടുക്കണമെന്നുമാണു രോഗികളുടെയും യാത്രക്കാരുടെയും ആവശ്യം. പൊടിശല്യം ഒഴിവാക്കാന്‍ കരാറുകാരന് നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.