കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ മറ്റൊരു വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയെ കാർഡിയോളജി പേ വാർഡിൽ താമസിപ്പിച്ച സുരക്ഷാ ജീവനക്കാാരനെതിരെയുള്ള പരാതിയിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.
ഇയാൾ ഡ്യൂട്ടി ചെയ്തിരുന്ന സമയത്ത് കൂടെ ജോലി ചെയ്തവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. പേ വാർഡ് അനുവദിച്ച് കിട്ടാൻ സെക്യൂരിറ്റി പൂരിപ്പിച്ച് നൽകിയ ഫോമിൽ അപേക്ഷക, ജില്ലയിലെ ഒരു പ്രമുഖ രാഷ്ടീയ നേതാവിന്റെ ബന്ധുവാണെന്ന് എഴുതി ചേർത്തിരുന്നു. ഈ അപേക്ഷാഫോമും, തെളിവെടുപ്പിന്റെ ഭാഗമായി അന്വേഷണ സംഘം പരിശോധിക്കും.
സ്ത്രീകളുടെ ആരോപണങ്ങൾ
ആരോപണ വിധേയനായ സെക്യൂരിറ്റിക്കെതിരെ സ്ത്രീകളുമായുള്ള മോശമായ പെരുമാറ്റത്തിന് കൂടുതൽ ആരോപണങ്ങളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.
ആർപ്പുക്കര ഇല്ലിചുവട് കാട്ടുപാറ പ്രദേശത്തുനിന്നും കോട്ടയം മെഡിക്കൽ കോളജിൽ ഡ്യൂട്ടി ചെയ്യുന്ന സുരക്ഷാ വിഭാഗം ജീവനക്കാരനെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിലാണ് സംഭവം. 13-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ഒരു രോഗിയുടെ കുട്ടിരിപ്പ് കാരിയുമായി സല്ലപിക്കാനാണ് സുരക്ഷാ ജീവനക്കാരൻ ഈ യുവതിയുടെ ബന്ധു കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണെന്ന വ്യാജേന പേവാർഡ് സംഘടിപ്പിച്ചത്.
രാഷ്്ട്രീയ നേതാവിന്റെ ബന്ധു!
പേ വാർഡിൽ താമസിക്കുന്ന ഈ യുവതിയുടെ സ്റ്റേ പാസ് മറ്റൊരു സുരക്ഷാ ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് 13-ാം വാർഡിലാണ് രോഗി കിടക്കുന്നതെന്ന് മനസിലായത്.
മറ്റൊരു വാർഡിലെ രോഗി കാർഡിയോളജി പേ വാർഡിൽ താമസിക്കുന്നതെന്തന്ന് അന്വേഷിച്ചപ്പോൾ ജില്ലയിലെ ഒരു പ്രമുഖ രാഷ്ടീയ നേതാവിന്റെ ബന്ധുവാണ് രോഗിയെന്നാണ് സസ്പെൻറ് ചെയ്യപ്പെട്ട സുരക്ഷാ ജീവനക്കാരൻ പറഞ്ഞത്.
ഇതോടെ ആരോപണ വിധേയനായ സുരക്ഷ ഉദ്യോഗസ്ഥനെ നിരീക്ഷിക്കുകയും ഇയാൾ പേ വാർഡിൽ പോകുന്നതായി ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയശേഷമാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
ഇയാളുടെ പേരിൽ ഇത്തരത്തിൽ നിരവധി ആരോപണങ്ങളുള്ളതിനാലാണ് ആശുപത്രി അധികൃതർ കൂടുതൽ അന്വേഷണം നടത്തുന്നത്.
മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാർക്ക് കാക്കി വസ്ത്രം യൂണിഫോമായി ലഭിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയിരുക്കുന്ന കേസിലെ 17-ാമത്തെ കക്ഷി കൂടിയാണ് സസ്പെൻഡ് ചെയ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ.