സർക്കാർ ആതുരശുശ്രൂഷാ മേഖലയിൽ ചുമതലക്കാരിയായി ഒരു കന്യാസ്ത്രീയും. അഗതികളുടെ സന്യാസിനീ സമൂഹാംഗമായ (സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട്) സിസ്റ്റർ ഡോ. ജീൻ റോസ് എസ്ഡിയാണ് ആദിവാസി-പിന്നാക്ക മേഖലയായ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി ഒരു നാടിന്റെ കരുതലും ആശ്വാസവുമായി മാറിയിരിക്കുന്നത്.
കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയാണു 52കാരിയായ സിസ്റ്റർ ജീൻ റോസ്. 2000ത്തിൽ ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. ഇവിടെനിന്നുതന്നെ എംഡിയും പൂർത്തിയാക്കി. തുടർന്ന് മറയൂരിൽ സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പത്തുവർഷം സേവനമനുഷ്ഠിച്ചിരുന്നു.
നിരവധി ഗോത്രവർഗക്കാരും ആദിവാസി വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന മറയൂർ മേഖലയിൽ അവർക്കുവേണ്ടി സേവനം ചെയ്യാനുള്ള അവസരം ചോദിച്ചുവാങ്ങുകയായിരുന്നു സിസ്റ്റർ ജീൻ റോസ്. രണ്ടു വർഷം മുന്പ് പിഎസ്സി പരീക്ഷയെഴുതി സർക്കാർ സർവീസിൽ കയറിയ സിസ്റ്റർ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരവേ കഴിഞ്ഞ ഡിസംബർ 26നാണ് മറയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ചുമതലയേറ്റത്.
പാലാ ചേറ്റുതോട് മുകളേൽ പരേതരായ തോമസിന്റെയും റോസമ്മയുടെയും ഏഴു മക്കളിൽ അഞ്ചാമത്തെ മകളാണു സിസ്റ്റർ ഡോ. ജീൻ റോസ്. കുടുംബം ഇപ്പോൾ ഇടുക്കി രാജകുമാരിയിലാണു താമസം.