എടത്വ: ജിഎസ്ടിയിൽ കുരുങ്ങി എടത്വ സപ്ലൈകോ മെഡിക്കൽ സ്റ്റോറിൽ ജീവൻരക്ഷാ മരുന്നു വിതരണം പ്രതിസന്ധിയിൽ. ദിവസേന ഉപയോഗിക്കുന്ന ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പടെയുള്ള പ്രതിരോധമരുന്നുകളുടെ വിതരണമാണ് തകരാറിലായത്. ജിഎസ്ടി നിലവിൽ വന്ന് ഒരാഴ്ച പിന്നിട്ടിട്ടും സോഫ്റ്റ്വെയർ പുതുക്കി നൽകാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല.
മരുന്ന് ചോദിച്ചെത്തുന്നവർക്കു ജീവനക്കാർ ജിഎസ്ടിയുടെ ബോധവത്കരണം നൽകി മടക്കിവിടുന്പോൾ സാധാരണക്കാർ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് അമിതവില കൊടുത്ത് മരുന്നു വാങ്ങേണ്ട ഗതികേടിലാണ്. കുട്ടനാട്ടിൽ പകർച്ചപ്പനി പടർന്നു പിടിക്കുന്പോൾ പനി മരുന്നുകൾക്കും കടുത്ത ക്ഷാമമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. സോഫ്റ്റ്വെയർ പുതുക്കി മരുന്നു വിതരണം എന്നു നടക്കുമെന്ന് ജീവനക്കാർക്കും ഉറപ്പില്ല.
ഉപഭോക്താക്കളുടെ ചോദ്യംചെയ്യൽ മടുത്തതോടെ ജീവനക്കാർ മെഡിക്കൽസ്റ്റോർ നേരത്തേ അടച്ചു സ്ഥലം കാലിയാക്കുകയാണ്. ബിപിഎൽ കാർഡ് ഉടമകൾക്ക് എല്ലാ മരുന്നുകൾക്കും 25 ശതമനവും മറ്റുള്ളവർക്കു ഇൻസുലിന് 18 ശതമാനവും ഇംഗ്ലീഷ് മരുന്നുകൾക്കു 12 മുതൽ 50ശതമാനംവരെ വില കുറച്ച് ലഭിച്ചിരുന്നു.
ഉപഭോക്താക്കൾക്കു കിട്ടിയിരുന്ന ഈ സൗജന്യസേവനം നിലച്ചതോടെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ ജീവൻരക്ഷാ മരുന്നുകൾ പൂഴ്ത്തിവെയ്ക്കുന്നതായും ആരോപണമുണ്ട്. അമിതവില ഇടാക്കാനാണ് സ്വകാര്യസ്റ്റോറുകളുടെ പൂഴ്ത്തിവെയ്പ്പെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു.
പൊതുമേഖലാ സ്ഥാപനത്തിലെ നിത്യോപയോഗസാധനങ്ങളുടെ വിതരണവും താറുമാറാണ്. സപ്ലൈകോയുടെ മാവേലിസ്റ്റോർ, ലാഭം മാർക്കറ്റ്, സഞ്ചരിക്കുന്ന മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ ജിഎസ്ടി ബാധകമല്ലാത്ത സാധനങ്ങളുടെ വിതരണം മാത്രമാണ് നടക്കുന്നത്. പാക്കറ്റ് ഉത്പന്നങ്ങളുടെ വിതരണം ഏറെക്കുറെ നിലച്ചു. പ്രതിദിനം ഒന്നര ലക്ഷത്തിലേറെ രൂപ വിറ്റഴിക്കുന്ന സപ്ലൈകോയുടെ എടത്വായിലെ മാർക്കറ്റിൽ വരുമാനം പകുതിയിൽ താഴെ എത്തി. പ്രതിസന്ധി തുടർന്നാൽ മരുന്നുകളും നിത്യോപയോഗസാധനങ്ങളും വാങ്ങാൻ ഗുണഭോക്താക്കൾ നട്ടം തിരിയും.