വൈപ്പിൻ: പതിന്നാല് വർഷങ്ങളായി താൻ കഴിച്ചുകൊണ്ടിരിക്കുന്ന ഗുളികകളുടെ കവറുകൾ സൂക്ഷിച്ച് വച്ച് എടവനക്കാട് വാച്ചാക്കത്തറ ജോഷി (48) വേറിട്ടൊരു റിക്കാർഡ് സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ്. ഹൃദ്രോഗത്തെ തുടർന്ന് 2004 ൽ ആൻജിയോ പ്ലാസ്റ്റി നടത്തിയശേഷം തുടങ്ങിയതാണ് ഈ പ്രവർത്തി.
തന്റെ രോഗം ഭേദമാകുന്പോഴേക്കും എത്രത്തോളം മരുന്നുകൾ കഴിച്ചുവെന്ന് കൃത്യമായി അറിയണം. ഈ ചിന്തയാണ് ജോഷിയെ കഴിക്കുന്ന മരുന്നുകളുടെ കവറുകൾ ശേഖരിച്ചു വയ്ക്കാൻ ഇടയാക്കിയ കാരണം.
2010ൽ ബൈപാസ് സർജ്ജറിക്കു കൂടി വിധേയനായതോടെ മരുന്ന് സേവ ഇരട്ടിയായി വർധിച്ചു. അപ്പോൾ കവറുകളുടെ എണ്ണവും കൂടി. ഇപ്പോൾ പതിന്നാലു വർഷം പിന്നിട്ടപ്പോൾ മൊത്തം മൂന്ന് ലക്ഷം രൂപയുടെ മരുന്ന് കഴിച്ചു. ഇതിന്റെ കവറുകളാകട്ടെ രണ്ട് മൂന്ന് വലിയ കിറ്റുകൾ നിറഞ്ഞു കവിഞ്ഞു.
ചിട്ടയായ ജീവിതവും ഭാര്യ ഷീലയുടെ സ്നേഹപൂർണ്ണമായ പരിചരണവും ജോഷിയുടെ രോഗജീവിതത്തിനു വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഗായകനായ ജോഷി ഇപ്പോൾ പതിവുപോലെ ഗാനമേളട്രൂപ്പിൽ പാടാൻ പോകും. വീട്ടിലിരുന്ന് ടി.വി. റേഡിയോ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സൈക്കിൾ എന്നിവ റിപ്പയർ ചെയ്യുന്നുമുണ്ട്.