ആലപ്പുഴ: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ വണ്ടാനത്തെ മരുന്നു ഗോഡൗണിലും തീപിടിത്തം. ഇന്നു പുലർച്ചെ രണ്ടോടെയാണ് മെഡിക്കൽ കോളജിന് സമീപത്തെ ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ തീ പിടിച്ചത്.
മരുന്നുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്കു തീ പടർന്നെങ്കിലും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് അര മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. പത്തുദിവസത്തിനിടെ സംസ്ഥാനത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്.
3500 ചാക്കുകളിലായാണ് ഇവിടെ ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്നത്. ചാക്കുകളിലുണ്ടായിരുന്ന 30,000 കിലോഗ്രാം ബ്ലീച്ചിംഗ് പൗഡർ പൂർണമായും കത്തിനശിച്ചു. മരുന്നുകൾ സൂക്ഷിക്കുന്ന പ്രധാന കെട്ടിടത്തിനു പിന്നിലെ എയർ കണ്ടീഷനറുകൾ കത്തിനശിച്ചു.
ഈ കെട്ടിടത്തിന്റെ ജനാലകളിലേക്കും തീ പടർന്നു. അകത്തേക്കു തീ പടർന്നില്ലെന്നാണു റിപ്പോർട്ട്. ആലപ്പുഴ ജില്ലയിലെ സർക്കാരാശുപത്രികളിലേക്കു മരുന്ന് എത്തിക്കുന്നത് ഇവിടെനിന്നാണ്.
സംഭവസമയം ഒരു സെക്യൂരിറ്റി ജീവനക്കാരൻ അനിൽ മാത്രമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. കാര്യമായ അഗ്നിശമന സംവിധാനങ്ങൾ ഗോഡൗണിൽ ഇല്ലായിരുന്നെന്ന് അനിൽ പറഞ്ഞു. വെള്ളമൊഴിച്ചു തീകെടുത്താൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ മൂന്നു യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്.തീപിടിച്ച മുറിയുടെ തൊട്ടടുത്ത മുറിയിൽ ബ്ലീച്ചിംഗ് പൗഡർ നിറച്ച ചാക്കുകൾ ഇനിയുമുണ്ട്.
തീയുടെയും വെയിലിന്റെയും ചൂടുള്ളതിനാൽ അപകട സാധ്യത നിലനിൽക്കുകയാണ്. ഏതാനും ഗോഡൗൺ ജീവനക്കാർ മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. അഗ്നിരക്ഷാസേനയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു.
കഴിഞ്ഞ 17ന് കൊല്ലം ഉളിയക്കോവിലിലും 23ന് തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചിരുന്നു. തിരുവനന്തപുരത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ജീവന് നഷ്ടമായിരുന്നു.
വണ്ടാനത്തേതുപോലെ കൊല്ലത്തും തിരുവനന്തപുരത്തം ബ്ലീച്ചിംഗ് പൗഡറാണ് തീപിടിത്തത്തിന് കാരണമായത്. കോവിഡ് കാലത്തെ മരുന്ന് ഇടപാട് അഴിമതിയില്‍ ലോകയുക്ത അന്വേഷണം നടത്തുന്നതിനിടെ ആവർത്തിച്ചു തീപിടിത്തമുണ്ടാകുന്നത് ദുരൂഹമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.