എടക്കര: രണ്ടു വയസുകാരിക്ക് മരുന്നു ലഭിക്കാൻ മാർഗമില്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തിനു സഹായമായി പോലീസ്. വിവരമറിഞ്ഞു മരുന്നു ബംഗളൂരുവിൽ നിന്നത്തെിച്ചാണ് വഴിക്കടവ് പോലീസ് മാമാങ്കര നറുക്കുംപൊട്ടിയിലെ കുടുംബത്തിനു സഹായമേകിയത്.
ബംഗളൂരുവിലെ ആശുപത്രിയിൽ നിന്നു ചികിത്സ കഴിഞ്ഞു വീട്ടിൽ കഴിയുന്ന രണ്ടു വയസുകാരിയുടെ മരുന്ന് കഴിഞ്ഞിട്ട് രണ്ടു മാസമായിരുന്നു. നാട്ടിലൊരിടത്തും ലഭ്യമല്ലാത്ത മരുന്നു ലോക്ക്ഡൗണ്‍ മൂലം ഇവർക്ക് എത്തിക്കാൻ കഴിഞ്ഞതുമില്ല.
ഇതിനിടെ കുട്ടിയുടെ പിതാവ് വിദേശത്തു നിന്നു വഴിക്കടവ് സ്റ്റേഷനിലെ എസ്ഐ എം. അസൈനാറുമായി ബന്ധപ്പെട്ടു. എസ്ഐ ബംഗളൂരുവിലുള്ള കെഎംസിസി പ്രവർത്തകൻ പരപ്പനങ്ങാടി സ്വദേശി ശിഹാബുമായി ബന്ധപ്പെട്ട് ഫാർമസിയിൽ നിന്നു മരുന്നു വാങ്ങി കേരളത്തിലേക്കുള്ള പാർസൽ ലോറിയിലെ ഡ്രൈവർ വശം കൊടുത്തയച്ചു.
ബേപ്പൂരിലേക്ക് മത്സ്യം കയറ്റാൻ വന്ന ലോറി ഡ്രൈവർ അറഫാത്ത് മരുന്ന് കോഴിക്കേട്ടെ പോലീസ് കണ്ട്രോൾ റൂമിലത്തെിച്ചു. ഇവിടെ നിന്നു രാമനാട്ടുകര വഴി ഹൈവേ പോലീസ് വാഹനത്തിൽ മലപ്പുറത്തത്തെിച്ചു.
തിങ്കളാഴ്ച രാവിലെ എസ്ഐ എം. അസൈനാർ, പോലീസുകാരായ ശരീഫ്, നിധിൻ, അഭിലാഷ്, ജാവീദ് എന്നിവർ നറുക്കുംപൊട്ടിയിലെ വീട്ടിലത്തെി കുടുംബത്തിന് മരുന്നു കൈമാറി.