നിലന്പൂർ: കൊറോണക്കാലത്തെ മാതൃകാസേവനത്തിന് അഗ്നിരക്ഷാസേനയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ. ലോക്ക്ഡൗണ്‍ കാരണം ആവശ്യമരുന്നു കിട്ടാൻ വഴിയില്ലാതെ വലഞ്ഞ നിലന്പൂരിലെ രണ്ട് കുടുംബങ്ങൾക്കാണ് എറണാകുളത്ത് നിന്ന് അഗ്നിരക്ഷാസേന മരുന്നെത്തിച്ചത്.
ചുങ്കത്തറയിലുള്ള വയോധിക ദന്പതികൾക്കാവശ്യമായ മരുന്നുള്ളത് എറണാകുളത്ത്. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുന്പോഴാണ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കൊറോണക്കാലത്തെ മാതൃകാ സേവനത്തെക്കുറിച്ചറിയുന്നത്.
ഉടൻ 101 ൽ വിളിച്ചപ്പോൾ എറണാകുളം ഗാന്ധിനഗർ സ്റ്റേഷനിലേക്ക് മരുന്നെത്തിക്കാമെന്ന് വിളിച്ചയാൾ. രാവിലെ പതിനൊന്നരയോടെ മരുന്ന് ഗാന്ധിനഗർ ഫയർസ്റ്റേഷനിൽ എത്തിച്ചു. ഉടൻ തന്നെ അവിടെയുള്ള ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ബിജോയ് കെ. പീറ്റർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി.എസ്.ശ്യാംകുമാർ, എ.പി.ഷിഫിൻ എന്നിവർ ജീപ്പുമായി നിലന്പൂരിലേക്ക് പുറപ്പെട്ടു. .
അവർ അവിടെ നിന്ന് പുറപ്പെട്ടപ്പോഴേക്കും ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ എ.ഉണ്ണികൃഷ്ണൻ നിലന്പൂർ സ്റ്റേഷൻ ഓഫീസർക്ക് വാട്സാപ്പ് വഴി മരുന്ന് എത്തിക്കേണ്ടവരുടെ മേൽവിലാസം അയച്ചുനൽകി.
നിലന്പൂർ ഫയർ സ്റ്റേഷനിലെ ജീവനക്കാർ ദന്പതികളുടെ വീട് കണ്ടെത്തി. ഉച്ചഭക്ഷണത്തിന് പോലും എവിടെയും നിർത്താതെ മൂന്നരയോടെ മരുന്നുമായി ജീപ്പ് നിലന്പൂരിലെത്തുന്നു.
ഉടൻ നിലന്പൂർ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ ഒരു സംഘം മരുന്നുമായെത്തിയവർക്ക് വഴികാണിച്ചു കൊടുത്തു.
നാലുമണിയോടെ ചുങ്കത്തറ കുറ്റിമുണ്ടയിലെ രണ്ടു വീടുകളിലുള്ള രോഗികൾക്കുള്ള മരുന്ന് കൈമാറി. ചുങ്കത്തറ രാമച്ചംപാടംത്തെ വിലങ്ങാട്ട് സേവ്യർ, ഭാര്യ ഏലിയാമ്മ സേവ്യർ, കുറ്റിമുണ്ട മരിയസദനത്തിൽ കോട്ടപ്പറന്പിൽ ജേക്കബ് എന്നിവർക്കാണ് ഇന്നലെ മരുന്നെത്തിച്ചു നൽകിയത്.
കോറോണക്കാലത്തെ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ വേറിട്ട സേവനമാണ് ഇതിലൂടെ കാണാനായത്. ലോക്ക് ഡൗണ്‍ കാരണം അത്യാവശ്യ മരുന്നുകൾക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നവർക്ക് 101-ൽ വിളിച്ചാൽ സേവന സന്നദ്ധരായ ഫയർ സർവീസിന്റെ സേവനം ലഭ്യമാക്കുമെന്ന് ഡയക്ടർ ജനറൽ അറിയിച്ചിരുന്നു.
നിലന്പൂർ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൾ ഗഫൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ.എസ്.പ്രദീപ്, കെ.മനേഷ്, എം.കെ.സത്യപാലൻ എന്നിവരാണ് മരുന്ന് ദൂതർക്ക് വഴികാട്ടികളായത്.