സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: രാവും പകലും ഭേദമില്ലാതെ സാമൂഹ്യവിരുദ്ധർ മെഡിക്കൽ കോളജ് കാന്പസിൽ കയറിയിറങ്ങി നടത്തുന്ന വിളയാട്ടം നിർത്താൻ മെഡിക്കൽ കോളജ് വിദ്യാർഥികൾ കാന്പസിലേക്കുള്ള റോഡ് അടച്ചുപൂട്ടി.
അടച്ച റോഡ് തുറക്കാൻ കഴിയാതെ മെഡിക്കൽ കോളജ് അധികൃതർ നിസഹായരായപ്പോൾ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിൽ പൊതുജനങ്ങൾ പ്രതിഷേധമുയർത്തുന്നു.
സാമൂഹ്യവിരുദ്ധർ വനിതാ ജീവനക്കാരേയും മെഡിക്കൽ വിദ്യാർഥിനികളേയും ശല്യം ചെയ്യുന്നതും ഇവർക്കു മുന്നിൽ മദ്യപിച്ചെത്തി നഗ്നത പ്രദർശനം നടത്തുന്നതുമെല്ലാം പതിവായതോടെയാണ് മെഡിക്കൽ വിദ്യാർഥികൾ റോഡ് അടച്ച് പ്രവേശനം നിയന്ത്രിച്ചത്.
ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളുടെ ഈ നടപടിക്ക് പിന്തുണയേകുന്നുണ്ട്. സാമൂഹ്യവിരുദ്ധ വിളയാട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ സമരവുമായി രംഗത്തു വന്നിരുന്നു.
വിദ്യാർഥിനികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ വിദ്യാർഥികൾ ഒരു സന്നദ്ധ സംഘടനയും വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രണ്ട് അതിക്രമങ്ങളിലെ പ്രതികളെ പിടികൂടാൻ വിദ്യാർഥികൾക്ക് തന്നെ കഴിഞ്ഞത് ഈ ഗ്രൂപ്പിന്റെ തക്ക സമയത്തുള്ള ഇടപെടൽ കൊണ്ടാണ്.
നാട്ടുകാരുടെ വർഷങ്ങളായുള്ള സഞ്ചാരസ്വാതന്ത്ര്യമാണ് ഇപ്പോൾ വിദ്യാർഥികൾ ഇല്ലാതാക്കിയതെന്ന പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നത്. 400 ഏക്കർ വരുന്ന മെഡിക്കൽ കോളജ് കാന്പസിൽ വിവിധ വകുപ്പുകളുടെ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.
ബാങ്ക്, സബ് ട്രഷറി, കോഫി ഹൗസ്, കണ്സ്യൂമർ സ്റ്റോർ, വിവിധ ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ ഓഫീസ്, നഴ്സിംഗ് കോളജ് തുടങ്ങി പല സ്ഥാപനങ്ങളിലേക്കും പൊതുജനങ്ങൾക്ക് വരാനുള്ള വഴിയാണ് അടച്ചിരിക്കുന്നത്.
ഇതുമൂലം ഏറെ ദൂരം കറങ്ങിതിരിഞ്ഞേ ഇവിടേക്കെല്ലാം എത്താൻ പൊതുജനങ്ങൾക്കാകുന്നുള്ളു. ഇന്നു നടക്കുന്ന ആശുപത്രി വികസന സമിതി യോഗത്തിനു ശേഷം അടച്ച വഴി തുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.