കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നല്‍കരുതെന്ന് ഡ്രഗ് കണ്ട്രോള് വിഭാഗത്തിന്റെ മുന്നറിയിപ്പ് .
പലരും ജനകീയ മെഡിസിനായ പാരസെറ്റാമോള്‍ ഉള്‍പ്പെടെ യുള്ള മരുന്നുകള്‍ സ്വയം ചികിത്സയിലൂടെ വാങ്ങി ഉപയോഗിക്കുന്നുണ്ട്.
ഇത് കര്‍ശനമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കോഴിക്കോട് അസി.കണ്ട്രോളര് സുജിത്കുമാര്‍ ദീപികയോടു പറഞ്ഞു.
കോവിഡ് ഒന്നാംതരംഗ സമയത്തു തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് പരിശോധനകള്‍ കുറഞ്ഞു.
കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കുന്നതിനിടെയാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം തീരുമാനിച്ചത്. പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണം.
കോവിഡ് ഉള്ളവര്‍ പനിയാണെന്നു കരുതി പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുകയും ശരീരോഷ്മാവു കുറയുമ്പോള്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യും.
ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ വഴി രോഗവ്യാപനം കൂടാനുള്ള സാധ്യതയേറെയാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.
അതേസമയം കോവിഡ് ഭീതിയെ തുടര്‍ന്നു പലരും പനി, ചുമ തുടങ്ങി ചെറിയ അസുഖങ്ങള്‍ക്ക് ആശുപത്രികളിലേക്കു പോയാലും രോഗം പടരാനുള്ള സാധ്യതയുണ്ട്. ഈ ഘട്ടത്തിലാണ് പലരും മെഡിക്കല്‍സ്റ്റോറുകളില്‍ അഭയം പ്രാപിക്കുന്നത്.