സ്വന്തം ലേഖകന്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്നു പരിഗണിക്കും.
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് ഇന്നു കോടതിയില്‍ സമര്‍പ്പിക്കും.ഈ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരിക്കും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയില്‍ കോടതി തീരുമാനം എടുക്കുക.
നിലവില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. കേസില്‍ അറസ്റ്റിലായ 13-ാം പ്രതി പാലം രൂപകല്പന ചെയ്ത ബി.വി നാഗേഷിന്റെ ജാമ്യാപേക്ഷയും ഇന്നു കോടതിയുടെ പരിഗണനയ്ക്കു വരും.
ഇതേസമയം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യപരിശോധനാ റിപ്പോര്‍ട്ട് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തയാറാക്കി നല്കിയ റിപ്പോര്‍ട്ട് ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് കൈമാറും.
ഇതു പരിഗണിച്ച ശേഷമായിരിക്കും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി തീരുമാനമെടുക്കുക. ഇബ്രാഹിംകുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചതായാണ് സൂചന.
കഴിഞ്ഞദിവസം എട്ടംഗ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് മൊഴി നല്‍കിയിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും വിജിലന്‍സിനു ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ലഭിച്ചിട്ടില്ല.
ആശുപത്രിയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാണ് വിദഗ്ധസംഘത്തെ കോടതി നിയോഗിച്ചത്. ഈ റിപ്പോര്‍ട്ടും മുൻമന്ത്രിക്കു നിര്‍ണായകമാണ്.