മലപ്പുറം: ഗർഭിണിയായ യുവതിക്ക് ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിനു പകരം ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നൽകിയതിനെ തുടർന്നു എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിനെതിരേ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം കേസെടുത്തു.
എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് സ്ഥാപനത്തിൽ പരിശോധന നടത്തി നടപടി സ്വീകരിച്ചത്.
എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതിക്കു ഗർഭം നിലനിർത്തുന്നതിനാവശ്യമായ ജെസ്റ്റൊപ്രൈം എസ്.ആർ 200 എംജി എന്ന മരുന്നാണ് കുറിപ്പടിയിൽ എഴുതിയിരുന്നത്.
ഈ കുറിപ്പടി എടവണ്ണയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പിൽ കാണിച്ചപ്പോൾ പരാതിക്കാരന് ലഭിച്ചത് ഗർഭം അലസിപ്പിക്കാനുള്ള ഗുളികയായിരുന്നു.
രണ്ടു ഗുളിക കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടർന്നു നടത്തിയ പരിശോധനയിലാണ് മെഡിക്കൽ ഷോപ്പിൽ നിന്നു മരുന്നു മാറിയാണ് നൽകിയതെന്നു വ്യക്തമായത്.
ഡോക്ടറുടെ നിർദേശ പ്രകാരം കുറിപ്പടിയോടെ മാത്രം വിൽക്കേണ്ട ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഗർഭച്ഛിദ്ര മരുന്ന് അവിവേകത്തോടെയാണ് സ്ഥാപനത്തിൽ നിന്നു വിൽപ്പന നടത്തിയിട്ടുള്ളതെന്നു പരിശോധനയിൽ ബോധ്യപ്പെട്ടതായും രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലല്ല മരുന്ന് വിൽപ്പനയെന്നും വ്യക്തമായതായും ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ. എം.സി. നിഷിത് പറഞ്ഞു.
സ്ഥാപനത്തിൽ നിന്നു വിൽപ്പന നടത്തിയ ഗർഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ടെടുത്ത തൊണ്ടി മുതലുകളും രേഖകളും മഞ്ചേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരേ കേസെടുത്തത്.
തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
കോഴിക്കോട് മേഖല അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളർ ഷാജി എം. വർഗീസിന്റെ നിർദേശ പ്രകാരം ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ. എം.സി. നിഷിത്, ഡ്രഗ്സ് ഇൻസ്പെക്ടർ ആർ. അരുണ്കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.
കുറിപ്പടിയില്ലാതെ ഗർഭച്ഛിദ്ര മരുന്നുകളുടെ അനധികൃത വിൽപ്പന കർശനമായി നിരീക്ഷിക്കുമെന്നും നിയമലംഘനം കണ്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധന തുടരും.