തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കായുള്ള മെഡിസെപ് പരിരക്ഷയുമായി ബന്ധപ്പെട്ട ധനകാര്യവകുപ്പിന്റെ ഉത്തരവിനെതിരേ സർവീസ് സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാർ. പുതുതായി സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്കും പദ്ധതി നടപ്പിലാക്കിയ 2022 മുതലുള്ള പ്രീമിയം അടയ്ക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്നും വിശദമായ ചർച്ച നടത്തണമെന്നുമാണ് സർവീസ് സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ പുനപരിശോധന നടത്താൻ സർക്കാർ തയാറാകാത്തത് ജീവനക്കാരുടെ രോഷത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
2022 ജൂലൈയിലാണ് പദ്ധതി നിലവിൽ വന്നത്. മൂന്ന് വർഷക്കാലത്തേക്ക് മാസം തോറും ജീവനക്കാരുടെ ശന്പളത്തിൽ നിന്നും 500 രൂപ വീതം 18000 രൂപയാണ് സർക്കാർ പ്രീമിയമായി പിടിയ്ക്കുന്നത്. അടുത്ത വർഷം മെഡിസെപ്പ് കരാർ അവസാനിക്കും. പ്രതിവർഷം 550 കോടി രൂപയാണ് ഇൻഷുറൻസ് കന്പനിയ്ക്ക് സർക്കാർ നൽകുന്നത്.
പുതുതായി സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാരും 2022 മുതലുള്ള പ്രീമിയം അടയ്ക്കണമെന്നാണ് ധനകാര്യവകുപ്പ് കഴിഞ്ഞ മാസം ഉത്തരവിറക്കിയത്. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നും കരാർ അവസാനിക്കുന്നതിന് മുൻപ് സർവീസ് സംഘടനകളുമായി വിശദമായ ചർച്ച നടത്തണമെന്നാണ് സംഘടനകളുടെ ആവശ്യം.
ഇക്കാര്യം സർക്കാരിനെ രേഖാമൂലം അറിയിച്ചെങ്കിലും തീരുമാനം പുനപരിശോധിക്കാത്തതാണ് ജീവനക്കാരെ അമർഷത്തിലാക്കിയിരിക്കുന്നത്.