യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) മാറിയതായി റിപ്പോർട്ട്. മെഡിറ്ററേനിയൻ കടലിലെ ഏറ്റവും താഴ്ചയുള്ള (5,112 മീറ്റർ ആഴം) സ്ഥലമായ കാലിപ്സോ ഡീപ്പിൽ വൻ മാലിന്യശേഖരമാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. ഇതിൽ 88 ശതമാനത്തോളം പ്ലാസ്റ്റിക് ആണ്.
കടലാഴങ്ങളിലെ അപൂർവ ജീവജാലങ്ങൾക്ക് ഇതുവരെ മാലിന്യശേഖരം ഹാനികരമായി മാറിയിട്ടില്ലെങ്കിലും ഭാവിയിൽ മധ്യധരണ്യാഴിയിൽ ഇതു വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നു ഗവേഷകർ വിലയിരുത്തുന്നു.മാലിന്യങ്ങളിൽ പ്ലാസ്റ്റിക്കുകൾ, പാനീയ ടിന്നുകൾ, പേപ്പർ കാർട്ടണുകൾ തുടങ്ങിയവ ഉൾപ്പെടെ 167തരം വസ്തുക്കൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. കലിപ്സോ ഡീപ്പിലേക്ക് 60 കിലോമീറ്റർ അകലെയുള്ള തീരത്തുനിന്നുപോലും പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്തുന്നു. ബോട്ടുകൾ മാലിന്യം നിറച്ച ബാഗുകൾ വലിച്ചെറിഞ്ഞതിന്റെ തെളിവുകളും ഗവേഷകർ കണ്ടെത്തി.
ബാഴ്സലോണ സർവകലാശാലയിലെ ഗവേഷകരാണു സമുദ്രത്തിന്റെ അടിത്തട്ടിൽ പഠനം നടത്തിയത്. “ലിമിറ്റിംഗ് ഫാക്ടർ’ എന്ന ഹൈടെക് അന്തർവാഹിനിയിൽ ഗവേഷകസംഘം 650 മീറ്റർ അടിത്തട്ടിലൂടെ സഞ്ചരിച്ചു. 43 മിനിറ്റോളം അവിടെ തങ്ങുകയുംചെയ്തു. വലിയ പ്ലാസ്റ്റിക് വസ്തുക്കൾ അടിത്തട്ടിലെത്തുന്നതിനുമുന്പ് ചെറിയ ശകലങ്ങളായി വിഘടിക്കപ്പെടുന്നുണ്ടെന്നും മെഡിറ്ററേനിയനിൽ ഒരിഞ്ചുപോലും വൃത്തിയുള്ള സ്ഥലമില്ലെന്നും ഗവേഷകർ പറയുന്നു.