ഇതുവരെ പിടിക്കപ്പെട്ടിട്ടുള്ള പാന്പുകളിൽവച്ച് ഏറ്റവും നീളവും വലിപ്പവുമുള്ളത് മെഡുസ എന്ന പെണ് പെരുന്പാന്പിനാണ്. അതിന്റെ നീളം 7.67 മീറ്ററും (25 അടി രണ്ടിഞ്ച്) ഭാരം 158.8 കിലോഗ്രാമും (350 പൗണ്ട്) ആണ്. അമേരിക്കയിലെ മിസോറിയിലുള്ള കൻസാസ് സിറ്റിയിലെ ഫുൾമൂണ് പ്രൊഡക്്ഷൻസ് എന്ന ഫിലിം നിർമാണ കന്പനിയാണ് ഇതിന്റെ സംരക്ഷണച്ചുമതല വഹിക്കുന്നത്. നിരവധി ഹോളിവുഡ് സിനിമകളിലെ സ്ഥിരം നായികകൂടിയാണ് മെഡുസ.
മെഡുസയുടെ തലയുടെ ഭാഗത്തുനിന്നു നോക്കുന്ന ഒരാൾക്ക് അതിന്റെ വാൽ കാണാൻ സാധിക്കുകയില്ല. ഇരുപതിലേറെ ആളുകൾ ചേർന്ന് പൊക്കിയെടുത്താലേ മെഡുസയെ പൂർണരൂപത്തിൽ കാണാൻ സാധിക്കൂ. ഇഷ്ടികകൊണ്ട് പൂർണമായി നിർമിച്ച എഡ്ജ് ഓഫ് ഹെൽ എന്ന പ്രത്യേക പാർപ്പിടത്തിലാണ് മെഡുസയെ സൂക്ഷിച്ച് സംരക്ഷിച്ചുവരുന്നത്. 11 വയസുള്ള മെഡുസയ്ക്ക് രണ്ടാഴ്ച കൂടുന്പോൾ മുയലുകളെയും ചെറു മീനുകളെയും ഭക്ഷണമായി നൽകും. വയർ നിറഞ്ഞുകഴിഞ്ഞാൽപ്പിന്നെ കുറേ ദിവസത്തേക്ക് ശാന്തമായ വിശ്രമവും ഉറക്കവുമായിരിക്കും. പരിചാരകരോടും പരിശീലകരോടും വളരെ മര്യാദയോടും അനുസരണയോടുംകൂടിയാണ് മെഡുസ പെരുമാറുന്നത്. ഇവളെ കാണാനായി ലോകരാജ്യങ്ങളിൽനിന്ന് നിരവധി സന്ദർശകരാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.
സന്ദർശകരുടെ ബാഹുല്യം നിമിത്തം ടിക്കറ്റുവച്ചാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. വിശന്നിരുന്നാലും ദേഷ്യംവന്നാലും ക്ഷമയോടെ പെരുമാറാൻ മെഡുസ അഭ്യസിച്ചുകഴിഞ്ഞു. മറ്റു പെരുന്പാന്പുകളിൽനിന്നു പല കാര്യങ്ങളിലും തികച്ചും വ്യത്യസ്തയായാണ് ഇവൾ പെരുമാറുന്നതും. ചീറ്റി ശബ്ദമുണ്ടാക്കുന്നതിനു പകരം പൂച്ചയുടെ കുറുകൽപോലുള്ള ശബ്ദമാണ് ഇവൾ പുറപ്പെടുവിക്കുന്നത്. പ്രൊഡക്്ഷൻ കന്പനിയുടെ മാനേജർ ലാറി എഡ്ഗാറിനും മറ്റു ജോലിക്കാർക്കും മെഡുസയെക്കുറിച്ച ് വളരെ നല്ല അഭിപ്രായമാണുള്ളത്. സാധാരണ 25 മുതൽ 30 വർഷം വരെയാണ് പെരുന്പാന്പുകളുടെ ആയുർദൈർഘ്യം. അങ്ങനെ നോക്കിയാൽ ഇനിയും 19 വർഷംകൂടി ജീവിക്കാൻ മര്യാദക്കാരിയായ മെഡുസയ്ക്ക് അവസരമുണ്ട്.