പാലക്കാട്: പ്രശസ്ത സിനിമ, സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഷൊർണൂരിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്നു കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു.
1976 മുതൽ സിനിമാ സീരിയൽ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മീശമാധവൻ, കരുമാടിക്കുട്ടൻ, നന്ദനം എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
19–ാം വയസിൽ ആദ്യ നാടകത്തിൽ അഭിനയിച്ചു. ആദ്യ സിനിമ പി.എ.ബക്കറിന്റെ മണിമുഴക്കം ആയിരുന്നു. സിനിമാ നാടക നടൻ എ.എൻ.ഗണേശാണ് ഭർത്താവ്. സംവിധായകൻ മനോജ് ഗണേഷ് മകനും സംഗീത മകളുമാണ്. ബിന്ദു മനോജ്, സംഗീത ഉണ്ണികൃഷ്ണൻ എന്നിവരാണ് മരുമക്കൾ. സംസ്കാരം വൈകുന്നേരം ഷൊർണൂർ ശാന്തീതീരത്ത്.