കോട്ടയം: മീനച്ചിലാറില്‍ നീരൊഴുക്ക് തടസപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും അശാസ്ത്രീയ നിര്‍മിതികള്‍ അടക്കമുള്ളവ പരിശോധിക്കുന്നതിനുമായി പഠനം നടത്തുന്നതിന് മീനച്ചില്‍ റിവര്‍ വാലി പ്രോജക്ടിന്റെ ഭാഗമായി 9.55 ലക്ഷം രൂപ അനുവദിച്ചു.
അഞ്ചു മാസത്തിനുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. കനാല്‍, ഡ്രെയിനേജ് ശൃംഖലകളില്‍ സമ്പൂര്‍ണ പഠനം നടത്താനാണ് നിര്‍ദേശം.
പാലായുടെ അപ്സ്ട്രീമിലേക്ക് മുമ്പ് പഠനം നടത്തിയിരുന്നു. താഴേയ്ക്ക് ആദ്യമായാണ് ഇത്തരമൊരു പഠനം. പാലാ ടൗണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വര്‍ഷകാലത്ത് വെള്ളപ്പൊക്കം പതിവാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഡ്രെയിനേജ് നെറ്റ്വര്‍ക്ക് സിസ്റ്റത്തിന്റെ ടോപോഗ്രഫിക്കല്‍ സര്‍വേയും ഒബ്സ്ട്രക്ഷന്‍സ് ആന്‍ഡ് സെഡിമെന്റേഷന്‍ സ്റ്റഡിയുമാണ് നടക്കുക.
മഴക്കാലത്ത് ആറ്റിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പടിഞ്ഞാറന്‍ മേഖലയിലെ പാടശേഖരങ്ങളിലൂടെയും കൈവഴികളിലൂടെയുമാണ് വേമ്പനാട് കായലിലേക്ക് പതിക്കുന്നത്.
ഇപ്പോള്‍ നീരൊഴുക്ക് സുഗമമല്ല എന്നതിനാലാണ് ജനവാസ മേഖലകളില്‍ വെള്ളപ്പൊക്കം അനുഭവപ്പെടുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.വെള്ളം കൃത്യമായി കായലിലേക്ക് പോകാത്തതുകൊണ്ടാണ് പാലാ ടൗണ്‍ അടക്കം ഉയര്‍ന്ന മേഖലകളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതെന്നാണ് നിഗമനം.
ഇതിന്റെ കാരണം കണ്ടെത്താനാണ് പഠനം. പാലാ മുതല്‍ വേമ്പനാട് കായല്‍ വരെ മുഴുവന്‍ കൈവഴികളും പഠനവിധേയമാക്കാനാണ് തീരുമാനം. മീനച്ചിലാറില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും മറ്റു തടസങ്ങളും പഠന വിധേയമാക്കും.
ഇതോടൊപ്പം ഒഴുക്കിനെ തടസപ്പെടുത്തുന്ന അശാസ്ത്രീയ നിര്മിതികളുണ്ടോ എന്നും പരിശോധിക്കും. ഇതടക്കം ഏതെല്ലാം രീതിയിലാണ് ഒഴുക്ക് തടസപ്പെടുന്നത് എന്നാകും പഠനത്തില്‍ കണ്ടെത്തുക.
ഒഴുകിയെത്തുന്ന വെള്ളം കായല്‍ അഴിമുഖത്തുനിന്ന് കായലിലേക്ക് പോകുന്നതിനും തടസങ്ങളുണ്ടോ എന്നും പരിശോധിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനന്തര നടപടികള്‍ സ്വീകരിക്കും.
വരും കാലങ്ങളില്‍ പാലാ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാനുള്ള നടപടികളും ആവിഷ്കരിക്കും. മീനച്ചിലാറിന്റെ ഇടിഞ്ഞുപോകുന്ന ഭാഗങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കും.
ഇതോടൊപ്പം അരുണാപുരം റെഗുലേറ്റര്‍ നവീകരിച്ച രീതിയില്‍ പുനര്‍നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. മീനച്ചിലാറിന്റെ പഠനവും വിപുലീകരണവും പൂര്‍ത്തിയാകുന്നതോടെ പാലാ നഗരത്തിലടക്കം വെള്ളപ്പൊക്കം ഒഴിവാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.