കോട്ടയം: വേനൽ ചൂട് ശക്തമായതോടെ ജില്ലയിലെ ജലാശയങ്ങൾ വറ്റി തുടങ്ങി. വരാനിരിക്കുന്നത് അതി തീവ്ര വേനലിന്റെ നാളുകളാണെന്ന സൂചന നൽകിയാണ് ജലാശയങ്ങളിലെ ജലനിരപ്പ് ഓരോ ദിവസവും താഴുന്നത്.
മീനച്ചിലാറ്റിലും മണിമലയാറ്റിലും പലയിടങ്ങളിലും വെള്ളം ഇടമുറിഞ്ഞു. മീനച്ചിലാറ്റിൽ പലയിടത്തും മണൽതിട്ടകൾ തെളിഞ്ഞു. മണിമലയാറ്റിൽ മുണ്ടക്കയം ഭാഗത്ത് ആറ്റിലൂടെ ഇറങ്ങി നടക്കാവുന്ന സ്ഥതിയാണ്.
രണ്ടു മാസം മുന്പ് കരകവിഞ്ഞൊഴുകിയ ആറ്റിൽ ഇപ്പോൾ കല്ലിൻകൂട്ടങ്ങൾ മാത്രമാണുള്ളത്.മീനച്ചിലാറ്റിൽ ഈരാറ്റുപേട്ട മുതൽ ഭരണങ്ങാനംവരെ പലയിടത്തും മണൽതിട്ടകൾ തെളിഞ്ഞു. പനയ്ക്കപ്പാലം, കീഴന്പാറ, മേലന്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം ഇടമുറിഞ്ഞ് മണൽതിട്ടകൾ രൂപപ്പെട്ടത്.
മേലന്പാറ, കീഴന്പാറ, പനയ്ക്കപ്പാലം, ദീപ്തി എന്നിവിടങ്ങളിലാണ് മണൽതിട്ടകൾ രൂപപ്പെട്ടിരിക്കുന്നത്. രണ്ടു മാസം മുന്പുണ്ടായ പ്രളയത്തിൽ ഈ ഭാഗങ്ങളിൽ മീനച്ചിലാർ റോഡിനൊപ്പം കരകവിഞ്ഞൊഴുകുകയായിരുന്നു. വെള്ളം കുറഞ്ഞതോടെ കടത്തു വള്ളം ഒഴിവാക്കി നടന്നാണ് ആറിന് അക്കരെ കടക്കുന്നത്.
മഹാപ്രളയത്തിന് പിന്നാലെ അതിശക്തമായ വേനൽ ചൂടാണ് മലയോരമേഖലയിൽ അനുഭവപ്പെടുന്നത്. പ്രളയത്തിൽ നിറഞ്ഞുകവിഞ്ഞ ഒഴുകിയ പുല്ലകയാറും മണിമലയാറുമെല്ലാം ഇപ്പോഴേ വറ്റിവരണ്ടു.
ഒരു മാസം മുന്പ് വരെ നിറഞ്ഞു കവിഞ്ഞൊഴുകിയ ആറുകളിൽ ഇപ്പോൾ മുട്ടൊപ്പം വെള്ളം പോലുമില്ല. കയങ്ങളും, കുഴികളുമെല്ലാം മണലുകളാൽ നിറഞ്ഞു. പ്രളയത്തിൽ ഒഴുകിയെത്തിയ കല്ലുകൾ മാത്രമാണ് മണിമലയാറ്റിൽ കാണാനുള്ളത്.
പലസ്ഥലങ്ങളിലും ആളുകൾ ആറ്റിൽ കുഴികുത്തിയാണ് കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വെള്ളം ശേഖരിക്കുന്നത്. മഹാപ്രളയം കഴിഞ്ഞ ഒരുമാസം പിന്നീട് മുന്പേ മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമവും രൂക്ഷമായിരിക്കുകയാണ്. വാഹനങ്ങൾ മുഖാന്തരമാണ് മിക്ക മേഖലകളിലും കുടിവെള്ളം എത്തിക്കുന്നത്.