കോട്ടയം: പെരുമഴയത്ത് നിറഞ്ഞു കവിഞ്ഞൊഴുകിയ പുഴകളിൽ വെള്ളം പൊടുന്നനെ കുറഞ്ഞു. വെള്ളം കുറഞ്ഞതോടെ മീനച്ചിലാറ്റിൽ പലയിടത്തും പാറയും മണലും തെളിഞ്ഞു. വെള്ളം സംഭരിക്കാനുള്ള നദികളുടെ ശേഷി കുത്തനെ കുറയുന്നുവെന്നാണ് വിലയിരുത്തൽ.
പാലായെ മുക്കിയ പ്രളയത്തിനുശേഷം രണ്ടാഴ്ച കഴിയുന്പോൾ മീനച്ചിലാറിൽ പാറയും മണലും തെളിഞ്ഞു. പലയിടങ്ങളിലും തുരുത്തുകളും രൂപപ്പെട്ടു. മണിമല, അഴുത, പന്പ നദികളിലും സ്ഥിതി ഇതുതന്നെ. പുഴകളിലും നദികളിലും ചെളിയും അതിനുള്ളിൽ പ്ലാസ്റ്റിക്, കുപ്പി അവശിഷ്ടങ്ങളും നിറഞ്ഞതാണ് ഇക്കാലത്തെ മാറ്റത്തിനു കാരണം.
മുൻകാലങ്ങളിൽ കാലവർഷത്തിലെ വെള്ളം ജനുവരി മാസം വരെ പുഴകൾക്ക് സംഭരിക്കാനാകുമായിരുന്നു. നിലവിൽ കാലവർഷം ലഭിക്കുന്നില്ലെങ്കിൽ പുഴകൾ നേരത്തെ വരണ്ടുണങ്ങുമെന്നതാണ് സാഹചര്യം.