കോട്ടയം: മീനച്ചിലാറ്റിലെ വെള്ളം കുടിക്കാന്‍ കൊള്ളില്ലെന്ന് ടൈസിന്റെ പഠന റിപ്പോര്‍ട്ട്. ആറ്റിലെ ഒഴുക്ക് കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ വെള്ളം കടുത്ത മലിനീകരണ ഭീഷണിയിലാണ്. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ്, മീനച്ചിലാറിന്റെ പ്രഭവ സ്ഥലമായി മേലടുക്കം മുതല്‍ പഴുക്കാനിലക്കായലിന്റെ സമീപസ്ഥലമായ മലരിക്കല്‍ വരെയുള്ള 14 സ്ഥലങ്ങളില്‍നിന്നായി വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചാണ് വിശദമായ പരിശോധന നടത്തിയത്.
മേലടുക്കം ഒഴികെയുള്ള സ്ഥലങ്ങളില്‍ കോളിഫോം ബാക്ടീരിയായുടെ സാന്നിധ്യം കൂടുതലാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ലക്ഷത്തിലധികം ബാക്ടീരിയകളാണ് കണ്ടെത്തിയിരിക്കുന്നത്. ആറിന്റെ ഉത്ഭവസ്ഥാനത്തുനിന്നും പതനസ്ഥാനത്തേക്കു എത്തുമ്പോഴേക്കും മലിനീകരണം വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്.
വിവിധ സ്ഥലങ്ങളിലെ വിനോദ സഞ്ചാരം, നഗരമാലിന്യം, ചില ഹോസ്റ്റലുകളില്‍ നിന്നും വീടുകളില്‍നിന്നും കക്കൂസുകളില്നിന്നും ഒഴുകുന്ന മാലിന്യം തുടങ്ങിയവ ആറ്റിലെ വെള്ളത്തില്‍ കലരുന്നതാണ് കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കാന്‍ ഈടയാക്കുന്നത്. ഉയരം കൂടിയ സ്ഥലങ്ങളില്‍നിന്നു താഴേക്ക് എത്തുമ്പോള്‍ വര്‍ധിക്കുന്ന വെള്ളത്തിന്റെ ചൂടും അമിതമായ എണ്ണയുടെ അളവും രോഗാണുക്കളുടെ പ്രജനനത്തെ സഹായിക്കുന്നു.
വെള്ളത്തിലെ ഓക്സിജന്റെ അളവ് മത്സ്യമുള്‍പ്പെടെയുള്ള ജലജീവികള്‍ക്കു നാശമാകുന്ന തോതിലേക്കു കുറയുകയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മീനച്ചിലാറ്റിലെ മേലടുക്കം, മാര്‍മല, തിരുഞ്ചൂര്‍ തണലോരം എന്നിവിടങ്ങളില്‍ മാത്രമാണ് ബയോളജിക്കല്‍ ഓക്സിജന്‍ ഡിമാൻഡ് കുറവായി കണ്ടെത്തിയത്. ആറ്റിലെ പല സ്ഥലങ്ങളിലേക്കും ചെറുകിട ഫാക്ടറികളില്‍നിന്നു ഇടയ്ക്കിടെ പുഴയിലോട്ടു തുറന്നു വിടുന്ന രാസമാലിന്യങ്ങളുടയും സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
നിരവധി കുടിവെള്ള പദ്ധതികള്‍, നുറൂകണക്കിനു കുടിവെള്ള വിതരണം ലോറികള്‍ ഇവ മീനച്ചിലാറ്റിലെയും സമീപസ്ഥലത്തുമുള്ള കിണറുകളിലെയും വെള്ളമാണ് വിതരണം ചെയ്യുന്നത്. ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, അഞ്ചു അജികുമാര്‍, ആര്യ ഷാജി, എന്‍.ബി. ശരത്ബാബു എന്നിവര്‍ പഠനത്തിനു നേതൃത്വം നല്കി.