കോട്ടയം: മീനച്ചിലാറിന്റെ ആഴക്കയത്തിൽ വിറങ്ങലിച്ചുപോയ മൂന്നു വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഇന്നലെ സ്കൂൾ അങ്കണത്തിൽ അന്തിമോപചാരത്തിന് എത്തിച്ചപ്പോൾ സഹപാഠികൾ വാവിട്ടുനിലവിളിച്ചു. ഇനിയൊരിക്കലും മടക്കമില്ലാതെ യാത്രയായ വിദ്യാർഥികളുടെ ചേതനയറ്റ ശരീരത്തിനു മുന്നിൽ അധ്യാപകരും കണ്ണീർ വാർത്തു.
മീനച്ചിലാറ്റിൽ പൂവത്തുംമൂട് മൈലപ്പള്ളിക്കടവിൽ വെള്ളിയാഴ്ച വൈകുന്നേരം മുങ്ങിമരിച്ച പുതുപ്പള്ളി ഐഎച്ച്ആർഡി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥികളായ ചിങ്ങവനം കേളചന്ദ്രപറന്പിൽ കെ.സി. ചാക്കോയുടെ മകൻ കെ.സി. അലൻ (17), മീനടം വട്ടക്കുന്നേൽ കൊടുവള്ളിൽ കെ.സി. ജോയിയുടെ മകൻ ഷിബിൻ ജേക്കബ് (17), വടവാതൂർ കുന്നപ്പള്ളിയിൽ കെ.കെ. പ്രസാദിന്റെ മകൻ അശ്വിൻ കെ. പ്രസാദ് (17) എന്നിവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്കാണ് സ്കൂളിൽ എത്തിച്ചത്. അലന്റെയും ഷിബിന്റെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം കണ്ടെടുത്തിരുന്നു. അശ്വിന്റെ മൃതദേഹം ഇന്നലെ രാവിലെ എട്ടരയോടെ പൂവത്തുംമൂട് തൂക്കുപാലത്തിന് സമീപത്തുനിന്നാണു കണ്ടെത്തിയത്.
പുതുപ്പള്ളി ഐഎച്ച്ആർഡിയിലെ എട്ടംഗ വിദ്യാർഥി സംഘം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.45നാണു മീനച്ചിലാറ്റിലെ മൈലപ്പള്ളി കടവിൽ എത്തിയത്. വെള്ളത്തിലിറങ്ങിയ മൂന്നു പേർ അബദ്ധത്തിൽ ആഴമേറിയ കയത്തിൽപ്പെട്ടാണു മരണം സംഭവിച്ചത്.
സ്കൂളിൽനിന്ന് ഒരു സംഘം വിദ്യാർഥികൾ മൈസൂറിനു വിനോദയാത്ര പോയതിനാൽ സ്കൂളിന് അവധിയായിരുന്നു. വിനോദയാത്ര പോകാതിരുന്ന എട്ടു കൂട്ടുകാർ വിനോദയാത്ര ഒഴിവാക്കി പുഴക്കടവിലെത്തുകയും ദുരന്തത്തിൽപ്പെടുകയുമായിരുന്നു. വിനോദയാത്ര പോയ സംഘം സഹപാഠികൾക്കുണ്ടായ ദുരന്തം അറിഞ്ഞ് ഇന്നലെ രാവിലെ സ്കൂളിൽ മടങ്ങിയെത്തി.
സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, വൈസ്പ്രസിഡന്റ് ജെസിമോൾ മനോജ്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, പ്രിൻസിപ്പൽ ബിജു ഫിലിപ്പ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. അശ്വിന്റെ സംസ്കാരം മുട്ടന്പലം ശ്മശാനത്തിൽ നടത്തി. അലന്റെ സംസ്കാരം ഇന്ന് പരുത്തുംപാറ സെന്റ് ലൂക്ക്സ് സിഎംഎസ് ആംഗ്ലിക്കൻ പള്ളിയിലും ഷിബിന്റെ സംസ്കാരം ഇന്നുച്ചകഴിഞ്ഞു രണ്ടിനു മീനടം ഈസ്റ്റ് സെന്റ് പോൾസ് സിഎസ്ഐ പള്ളിയിലും നടക്കും.