കുറഞ്ഞകാലംകൊണ്ടു പ്രേക്ഷക ഹൃദയം കീഴടക്കിയ ബാലതാരമാണു ബേബി മീനാക്ഷി. 2016 പോലെ 2017ഉം ഭാഗ്യവര്ഷമാകണമെന്ന് ആഗ്രഹിക്കുന്ന മീനാക്ഷി മലയാളത്തിനു പുറമേ തമിഴിലും ചേക്കേറാനുള്ള ഒരുക്കത്തിലാണ്.
നാദിര്‍ഷയുടെ ആദ്യചിത്രമായ അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുകുട്ടിയെന്ന കഥാപാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം മീനാക്ഷിക്കു ലഭിച്ച ആദ്യത്തെ ശക്തമായ കഥാപാത്രം. പിന്നീട് ഒപ്പത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനോടൊപ്പം നന്ദിനിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടിനേടി. ആറോളം സിനിമകളിലാണു പത്തുവയസുമാത്രം പ്രായമുള്ള ഈ കൊച്ചു മിടുക്കി കഴിഞ്ഞ വര്‍ഷം അഭിനയിച്ചത്. ഇതില്‍ പലതും സൂപ്പര്‍ ഹിറ്റുകളും. നിരവധി പുതിയ സിനിമകളില്‍ അഭിനയിച്ചുവരുന്ന മീനാക്ഷി കൂടുതല്‍ മികവാര്‍ന്ന വേഷപ്പകര്ച്ചയ്ക്കായുള്ള ഓട്ടത്തിലാണ്.
മൂന്നര വയസില്‍ കാമറക്കു മുന്നില്‍
മൂന്നര വയസില്‍ അഖില്‍ എസ്. കിരണിന്റെ മധുരം നൊമ്പരം എന്ന ആല്‍ബത്തിലൂടെ കാമറക്കു മുന്നിലേക്ക്. അതു യൂ ട്യൂബിലും മറ്റു സോഷ്യൽ മീഡിയയിലും വന്‍ ഹിറ്റായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നു 50ല്‍ അധികം ആല്‍ബങ്ങള്‍ അതിലേറെ ഷോര്‍ട്ട് ഫിലിമുകള്‍, പരസ്യങ്ങള്‍ എന്നിവയിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
വണ്‍ ബൈ ടുവിലൂടെ സിനിമയിലേക്ക്
വണ്‍ ബൈ ടു എന്ന ഭഗത് ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മീനാക്ഷിയെ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ “എന്നോ ഞാനെന്റെ മുറ്റത്ത് ‘ എന്ന ഗാനത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റി. അതിന്റെ അലകള്‍ അടങ്ങും മുമ്പ് താരരാജാവിന്റെ തോളിലേറി ഒപ്പം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ബാലതാരങ്ങളില്‍ ഏറ്റവും മുന്‍ നിരയിലെത്തി. ഈ രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിലും ഹിറ്റായിരുന്നു. ആന മയില്‍ ഒട്ടകം, തൗസന്റ്, വേട്ട, ജമ്നാപ്യാരി, മറുപടി, പോളേട്ടന്റെ വീട് തുടങ്ങി നിരവധി ചിത്രങ്ങള്‍ ഈ മിടുക്കിയുടെ പേരിലുണ്ട്.
തമിഴ് സിനിമയിലെ തുടക്കം മികച്ച നടന്മാര്ക്കൊപ്പംമാത്രം
തമിഴ് സിനിമകളില്‍ അവസരം നല്കി നിരവധിപേര്‍ സമീപിക്കുന്നുണ്ടെങ്കിലും ഇതില്‍ ഏറ്റവും മികച്ചതു തെരഞ്ഞെടുക്കാന്‍ കാത്തുനില്ക്കുകയാണു മീനാക്ഷി. ഈ വര്‍ഷംതന്നെ രണ്ടിലധികം തമിഴ് സിനിമയിലേക്കാണു ക്ഷണം ലഭിച്ചത്. എന്നാല്‍ വിജയ്, സൂര്യ തുടങ്ങിയ പ്രമുഖ നടന്മാരോടൊപ്പം അഭിനയിച്ച് തമിഴ് സിനിമയില്‍ ആരംഭിക്കണമെന്ന ആഗ്രഹംമൂലം ലഭിച്ച വേഷങ്ങളൊക്കെ നിരസിക്കുകയായിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കുന്നു.
നിലവില്‍ “കോയട്ടി’യുടെ മകളാണ്
മലബാറിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ വിവരിക്കുന്ന ജബ്ബാര്‍ ചെമ്മാടിന്റെ മീസാന്‍ എന്ന സിനിമയിലാണു മീനാക്ഷി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കോയട്ടിയെന്നു വിളിക്കുന്ന കോയക്കുട്ടിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വിവരിക്കുന്ന സിനിമയില്‍ കോയക്കുട്ടിയുടെ മകളാണു മീനാക്ഷി. ജീവനുതുല്യം സ്നേഹിക്കുന്ന കുടുംബത്തെ അകാലത്തില്‍ നഷ്ടപെടുന്നതോടെ കോയക്കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണാണു കഥയുടെ ഇതിവൃത്തം. ഓഗസ്റ്റോടെ സിനിമ റിലീസ് ചെയ്യും.
എന്റെ മീനാക്ഷി റിലീസ് ചെയ്തു
തെരുവുനായ ശല്യത്തിന്റെ തീവ്രത തുറന്നുകാട്ടുന്ന എന്റെ മീനാക്ഷിയെന്ന ഹൃസ്വചിത്രത്തിലാണു മീനാക്ഷി അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിനിമയുടെ യൂടൂബ് റിലീസ് നടന്നു. നമ്മുടെ അലസതകൊണ്ടു തെരുവില്‍ വളരുന്ന വലിയ വിപത്തിനെ ഓര്മപെടുത്തുന്നതാണു ചിത്രം. ഷമ്മി തിലകനും മീനാക്ഷിയുമാണു സിനിമയിലെ പ്രധാന താരങ്ങള്‍.
പ്രധാന നേട്ടങ്ങള്‍
2014-ല്‍ അന്തര്‍ ദേശീയ തലത്തില്‍ അലിഗഡ് യൂണിവേഴ്സിറ്റി നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ സ്പര്‍ശം എന്ന ചിത്രത്തിലൂടെ വലിയ നായികമാര്‍ക്കൊപ്പം മത്സരിച്ച് ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ്. 2013-ല്‍ കാന്‍ ഫെസ്റ്റിവലില്‍ എന്റെ കുഞ്ഞാവയ്ക്ക് എന്ന ചെറുചിത്രം മൂന്നാം സ്ഥാനത്തെത്തി. 2014-ല്‍ ഐഎഫ്എഫ്കെ അന്തര്‍ദ്ദേശീയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ സാല്‍വേഷന്‍ എന്ന ചിത്രവും മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2015-ല്‍ ഏറ്റവും നല്ല ബാലനടിക്കുള്ള ഏഷ്യാനെറ്റ് പുരസ്കാരം. ഇതേവര്‍ഷംതന്നെ ഏറ്റവും നല്ല ബാല നടിക്കുള്ള അബു അവാര്‍ഡ്. 2016-ല്‍ ഏറ്റവും നല്ല നടിക്കുള്ള മലയാള പുരസ്ക്കാരത്തിനു പുറമെ രാമു കാര്യാട്ട് അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.
ഇതുവരെയായി ചെറുതും വലുതുമായ ഇരുനൂറിലധികം പുരസ്കാരങ്ങള്‍ നേടിക്കഴിഞ്ഞു. കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ മീനാക്ഷി സിബിസിഇ സ്കൂള്‍ കലോത്സവങ്ങളില്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ മോണോ ആക്ടിന് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.