ആലപ്പുഴ: കുട്ടനാട്ടിലെ മുത്തശി മീനാക്ഷിയമ്മയ്ക്ക് ക്രിസ്മസ് സ്നേഹ സമ്മാനവുമായി കുട്ടനാട് ഫിലിം ക്ലബ്. കൈനകരി റ്റില്ലിത്തറച്ചിറ വീട്ടിൽ 105 വയസുകാരി മീനാക്ഷിയമ്മയ്ക്കാണ് കുട്ടനാട് ഫിലിം ക്ലബ് ക്രിസ്മസ് സ്നേഹ സമ്മാനമായി കേക്ക് സമ്മാനിച്ചത്. കേക്ക് സ്വീകരിച്ച ശേഷം ക്ലബ് അംഗങ്ങളെ കുട്ടനാടിന്റെ മീനാക്ഷിയമ്മ അനുഗ്രഹിക്കുകയും ചെയ്തു.
ക്ലബ് പ്രസിഡന്റ് അയ്മനം സാജന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൈനകരി ചാവറഭവൻ ഡയറക്ടർ ഫാ.തോമസ് കല്ലുകളം, ക്ലബ് ട്രഷറർ ജയിംസ് കിടങ്ങറ, ക്ലബ് അംഗങ്ങളായ സംഗീത സംവിധായകൻ ഗംഗൻ കരിവെള്ളൂർ, നടന്മാരായ പ്രകാശ് ചെങ്ങന്നൂർ, റെനീഷ്, പ്രകാശ് ആലപ്പുഴ, ജിതിൻ കൈനകരി തുടങ്ങിയവരും പങ്കെടുത്തു.
കുട്ടനാട്ടിലെ ഏറ്റവും പ്രായം കൂടിയ മുത്തശിയാണ് മീനാക്ഷിയമ്മ. 105 വയസായെങ്കിലും, ആരോഗ്യവതിയാണ് ഇവർ. പഴയകാല കുട്ടനാടിന്റെ ചിത്രം ഇപ്പോഴും ഇവരുടെ മനസിൽ തിളങ്ങി വരും. കുട്ടനാട്ടിലെ നല്ല കൊയ്ത്തുകാരി എന്നുപേരുള്ള മീനാക്ഷിയമ്മയ്ക്ക് കർഷക പെൻഷൻ ലഭിക്കുന്നുണ്ട്. ഇവർക്ക് പൊന്നമ്മ എന്ന ഒരു മകൾ മാത്രമാണുള്ളത്. കൈനകരിയിലെ കുടുംബ വീട്ടിൽ അനുജത്തിയുടെ മകളോടൊപ്പമാണ് ഇപ്പോൾ താമസം.