നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. ഫഹദിന്റെ മകളായി മാലിക്കിൽ അഭിനയിച്ചതിലൂടെ സിനിമയിലും മീനാക്ഷി സജീവമായി. വസ്ത്രധാരണത്തിന്റെ പേരിൽ നടിക്ക് നേരെ സെബറാക്രമണങ്ങളും ഉണ്ടാകാറുണ്ട്. കടകൻ എന്ന സിനിമയുടെ പ്രൊമോഷന് കഴിഞ്ഞ ദിവസം എത്തിയ മീനാക്ഷിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് വീഡിയോ തെറ്റായ ആംഗിളിൽ ഷൂട്ട് ചെയ്തതാണെന്ന് ആരോപിച്ച് മീനാക്ഷി രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ ഇന്റർവ്യൂവിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി. ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്ന് മീനാക്ഷി പറയുന്നു. എന്റെ ഡ്രസിംഗ് ഒന്നിലേക്കുമുള്ള യെസ് അല്ല. ഇത് പറഞ്ഞാൽ എത്ര പേർക്ക് മനസിലാകും എന്നറിയില്ല. അതുകൊണ്ടാണ് ഇതേക്കുറിച്ച് ആധികാരികമായി സംസാരിക്കാത്തത്.
ട്രോളുകളിലൊന്നും തളർന്ന് ഇരിക്കാറില്ല. ഞാൻ വായിച്ച് ചിരിക്കും. എന്നെപ്പറ്റി ഇവർക്ക് അറിയില്ല. ഞാൻ കാമറയിലെന്താണെന്നും പുറത്ത് എന്താണെന്നും. ഞാനതും ആലോചിച്ച് വിഷമിക്കാറില്ല. ഞാൻ ഒരിക്കലും എന്റെ പേഴ്സണൽ പേജിൽ കൂടെയോ മറ്റോ വിവാദങ്ങളിൽ തനിയെ വന്നിരുന്ന് ഉത്തരം പറയുന്ന ആളല്ല. ഞാനങ്ങനെ സംസാരിക്കാറുമില്ല, എനിക്കതിനുള്ള സമയവും ഇല്ല. ഏതെങ്കിലും ഇന്റർവ്യൂവിന് ചെന്നിരിക്കുമ്പോൾ എന്റെയടുത്ത് വിവാദങ്ങളെക്കുറിച്ച് ചോദ്യങ്ങൾ വരും. എല്ലായിടത്തും ചെന്നിരുന്ന് എനിക്ക് കുഴപ്പമില്ല എന്ന് പറഞ്ഞ് ഞാൻ മടുത്തു.
അടുത്തിടെ എനിക്ക് അൺകംഫർട്ടബിൾ ആണെന്ന് തോന്നുന്ന രീതിയിൽ ഒരു വീഡിയോ ഇറങ്ങി. ഞാൻ പ്രൊഡക്ഷനിലാണ് ഇതേക്കുറിച്ച് പറഞ്ഞത്. മീനാക്ഷി നേരിട്ട് സംസാരിക്കേണ്ട, ഞങ്ങൾ സംസാരിച്ചോളാം എന്ന് പ്രൊഡക്ഷനിൽ നിന്ന് പറഞ്ഞു. ആ വീഡിയോ നീക്കം ചെയ്തു എന്നാണ് വിശ്വാസം. അതിന്റെ പിന്നാലെ നടക്കാൻ എനിക്ക് വയ്യ. എനിക്ക് അല്ലാതെ തന്നെ നൂറ് ടെൻഷനും സ്ട്രസും ഉണ്ട്.
എന്റെ അച്ഛൻ സോഷ്യൽ മീഡിയയിൽ ഒന്നുമില്ല. അച്ഛന് ആരോ വാട്സ്ആപ്പിൽ ആ വീഡിയോ അയച്ച് കൊടുത്തു. ഈ ഡ്രസിന് എന്താണ് കുഴപ്പമെന്നാണ് പറയുന്നത്, എന്താ പ്രശ്നമെന്ന് അച്ഛൻ അമ്മയോട് ചോദിച്ചു. എനിക്കും അറിയില്ല എന്തൊക്കെ ആളുകൾ പറയുന്നുണ്ടെന്ന് അമ്മയും. ഞാനത്രയും ലിബറലായ കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് മീനാക്ഷി വ്യക്തമാക്കി. കടകൻ ആണ് മീനാക്ഷിയുടെ പുതിയ സിനിമ. ഹക്കിം ഷാജഹാനാണ് സിനിമയിൽ നായകനായെത്തുന്നത്.