വണ്ടിത്താവളം: ജിഎസ് ടി ഇ-ബിൽ അടയ്ക്കാതെ അതിർത്തി കടക്കുന്ന വാഹനങ്ങളെ പിടികൂടാൻ കാമറയൊരുക്കി ജിഎസ് ടി വകുപ്പ്. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നും ചരക്കുവാഹനങ്ങൾ കേരളത്തിലേക്ക് നികുതി വെട്ടിച്ചു കടന്നുവരുന്നതു തടയുന്നതിനാണ് ജില്ലയിൽ വാളയാർ ഉൾപ്പെടെ ഏഴ് ചെക്ക് പോസ്റ്റുകളിൽ കാമറ സ്ഥാപിച്ചത്.
ജിഎസ് ടി അടച്ചുവരുന്ന വാഹനങ്ങളുടെ മുൻഭാഗത്തു പ്രത്യേക ബാർ കോഡുകൾ സ്ഥാപിക്കും. കാമറ സ്ഥാപിച്ച സ്ഥലത്തെത്തുന്പോൾ കാമറ സ്കാൻ ചെയ്ത് ഇമേജ് സെർവറിൽ ലഭ്യമാക്കും. ഇതോടെ നികുതി അടച്ചിട്ടുണ്ടോ എന്നറിയാനും വാഹനങ്ങളുടെ നന്പർ പരിശോധിച്ചു പിഴ ഈടാക്കാനുമാകും.
സ്കാൻ ചെയ്തുകഴിഞ്ഞാൽ എല്ലാ സിഗ്നലുകളും മൊബൈൽ ആപ്പിലൂടെ പരിശോധനയ്ക്ക് നിയോഗിച്ച ഓഫീസർമാരുടെ മൊബൈലിൽ ലഭിക്കും. ഓട്ടോമാറ്റിക് നന്പർ പ്ലേറ്റ് റീഡിംഗ് ആപ് സിസ്റ്റത്തിലൂടെ ഇതിലൂടെ വെട്ടിപ്പു നടത്തുന്ന വാഹനങ്ങളെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും.
വാളയാറിനു പുറമെ വേലന്താവളം, ഒഴലപ്പതി, നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നിവിടങ്ങളിലെ മെയിൻ റോഡുകളിലാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉൗരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണചുമതല. ജില്ലയിലെ ഏഴിടത്തും കാമറകൾ സ്ഥാപിച്ചതായും പ്രവർത്തനസജ്ജമാകുമെന്നും ജിഎസ് ടി ഡെപ്യൂട്ടി കമ്മീഷണർ എൻഫോഴ്സ്മെന്റ് കെ.മുഷ്താക്ക് അലി പറഞ്ഞു.