കോഴഞ്ചേരി: മഹാത്മാഗാന്ധിയെ ഇലന്തൂരിൽ സ്വീകരിച്ച കെ. മീനാക്ഷിയമ്മയ്ക്ക് 97 വയസിലെ വോട്ട് വേറിട്ട അനുഭവമായി.
വോട്ടർ പട്ടികയിൽ പേര് ചേർത്ത കാലംമുതൽ മുടങ്ങാതെ പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്ന ഉടയൻകാവിൽ കെ. മീനാക്ഷിയമ്മയ്ക്ക് വാർധക്യകാല പ്രശ്നങ്ങൾമൂലം കഴി്ഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
ഇതിന്റെ സങ്കടത്തിൽ കഴിയുന്പോഴാണ് നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് സന്പ്രദായം വീട്ടിലെത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവുപ്രകാരം വയോധികർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉടയൻകാവ് വീട്ടിലെത്തി.
ഇലന്തൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ 129-ാം നന്പർ ബൂത്തിലെ 236-ാം നന്പർ വോട്ടറാണ് മീനാക്ഷിയമ്മ.
1937 ജനുവരി 20ന് ഗാന്ധിജി ഇലന്തൂർ സന്ദർശിക്കുന്പോൾ ഇതേ സ്കൂളിലെ സിക്സ്ത്ത് ഫോം വിദ്യാർഥിനിയായിരുന്നു മീനാക്ഷിയമ്മ.
പ്രമുഖ ഗാന്ധിയൻ കെ. കുമാർജിയുടെ നിർദേശപ്രകാരം അന്ന് വിദ്യാർഥിനികൾ ദേശഭക്തിഗാനാലാപത്തോടെ ഗാന്ധിജിയുടെ പ്രസംഗസ്ഥലത്തേക്ക് പോയതും ഗാന്ധിജി പ്രസംഗിച്ച സ്ഥലവുമൊക്കെ മീനാക്ഷിയമ്മയുടെ സ്മരണകളിൽ ഇന്നും പച്ചപിടിച്ചു നിൽക്കുന്നു.