കോഴിക്കോട്: ലോകകപ്പ് മത്സരങ്ങളുടെ ആവേശം നാടെങ്ങും നിറയുമ്പോൾ ക്രിക്കറ്റ് ഓർമ്മകൾ പുതുക്കാൻ പഴയകാല കോളജ് ടീം ഒത്തുചേർന്നു. 1996-2002 കാലഘട്ടത്തിൽ യൂണിവേഴ്സിറ്റിതലത്തിലുൾപ്പെടെ കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിനെ പ്രതിനിധീകരിച്ച ടീമംഗങ്ങളാണ് 20 വർഷത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് പിച്ചിൽ സൗഹൃദം വിരിയിക്കാനിറങ്ങിയത്. വിദേശത്തും നാട്ടിലുമൊക്കെയായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ കഴിഞ്ഞദിവസം കാരപ്പറമ്പ് സസക്സ് അക്കാഡമി ടർഫിൽ നടന്ന സൗഹൃദമത്സരത്തിൽ പങ്കെടുക്കാനെത്തി.
ഇന്റർസോൺ, എ സോൺ മത്സരങ്ങളിലും ജില്ലയിലെ പ്രമുഖ ടൂർണമെന്റുകളിലും അക്കാലത്ത് കോളജ് ടീം ജേതാക്കളായിരുന്നു. സർക്കാർ കോളേജിന്റെ പരിമിതികൾക്കിടയിലും ചിട്ടയായ പരിശീലനവും കൂട്ടായ്മയും കരുത്താക്കിയാണ് ഇവർ മുന്നേറിയത്. കോളേജ് പഠനത്തിനു ശേഷം ജോലിയുടെയും കുടുംബജീവിതത്തിന്റെയും തിരക്കുകളിലമരുമ്പോഴും ഇവരാരും ക്രിക്കറ്റ് കൈവിട്ടിട്ടില്ല. ടീമംഗങ്ങളിൽ പലരും ക്ലബുകൾക്കുവേണ്ടി ലീഗ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.
സ്വകാര്യ അക്കാഡമികളിൽ പരിശീലകരായും ചിലർ സജീവമാണ്. ഇവരെല്ലാം ഉൾപ്പെടുന്ന ആർട്സ് കോളേജ് ക്രിക്കറ്റേഴ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ലോകകപ്പ് മത്സരങ്ങളെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ നടക്കാറുണ്ട്. ഇതിനിടയിലാണ് വീണ്ടും ഗ്രൗണ്ടിലിറങ്ങാമെന്ന ആശയം പിറന്നത്. സംഗമത്തിൽ ഇരുപത് പേർ പങ്കെടുത്തു. ഇരുപത് ഓവർ മത്സരമാണ് നടത്തിയത്. മുൻകാല താരങ്ങളെക്കൂടി ഉൾപ്പെടുത്തി കൂട്ടായ്മ വിപുലീകരിക്കാനുള്ള തീരുമാനമെടുത്താണ് അംഗങ്ങൾ പിരിഞ്ഞത്.