ചാവക്കാട്: പൂയ്… മീൻകാരന്റെ വിളി കേട്ട് വീട്ടിനു പുറത്തിറങ്ങുന്പോഴേക്കും മീൻകാരന്റെ ബൈക്ക് പാഞ്ഞുപോയി. തൊണ്ടകീറി വിളിച്ചപ്പോൾ തിരിച്ചു വന്നു.
ഭാര്യയോടൊപ്പം പുറത്തുവന്ന കുടുംബനാഥൻ ചോദിച്ചു നിങ്ങൾ മീൻ വില്ക്കാനാണോ അതോ ബൈക്ക് ഓട്ടമത്സരത്തിനാണോ. മീന്റെ വിളികേട്ട് പുറത്തുവരുന്പോഴേക്കും പാഞ്ഞുപോയാൽ എങ്ങനെ മീൻ വാങ്ങും?
എന്റെ പൊന്നുചേട്ടാ പോലീസിനെ പേടിച്ചാണ് പായുന്നത് അവർ കണ്ടാൽ മീനിൽ മണ്ണെണ്ണ ഒഴിക്കും. “ഇമ്മടെ കടപ്പുറത്തുണ്ടായ ചാളയാണ് അതൊന്നും പറഞ്ഞാൽ പോലീസിനു മനസിലാവില്ല’ ഞങ്ങളെ പോലെയുള്ള പാവങ്ങളുടെ നെഞ്ചത്ത് കുതിര കയറും.
ഞങ്ങൾക്കും ജീവിക്കേണ്ട കുടീല് ഉപ്പയും ഉമ്മയും ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അവർക്ക് വിശപ്പിനു കൊടുക്കാൻ എന്റെ കൈക്കൊണ്ട് കിട്ടണം.
മീൻ തൂക്കുന്നതിനിടയിൽ തന്റെ പ്രയാസം എണ്ണിയെണ്ണി പറയുന്ന തിരുവത്ര മുഹമ്മദിന്റെ വാക്കുകളിൽ പ്രതിഷേധ സ്വരം. ഒപ്പം കണ്ണുനീരിന്റെ നനവും. ഇപ്പോഴത്തെ മീൻകച്ചവടം കഞ്ചാവ് വിൽക്കുന്ന പോലെയാണ് ഒളിച്ചു പതുങ്ങിയും വേണം. പണം വാങ്ങി പോകുന്നതിനിടയിൽ മുഹമ്മദിന്റെ തമാശ.
ഇത് മുഹമ്മദിന്റെ മാത്രം കഥയല്ല, ചാവക്കാട് മേഖലയിലെ നൂറുകണക്കിനു ആളുകളുടെ വേദനയുടെ കഥയാണ്. ഉപജീവനത്തിനു മത്സ്യക്കച്ചവടം തൊഴിലായി എടുത്ത് കുടുംബം പോറ്റുന്ന നിരവധി പേർ ഇന്ന് വഴിയാധാരമായി.
സൈക്കിളിലും ബൈക്കിലുമായി വഴിയോരത്തും വീടുകളിലും മീനുമായി എത്തി ഉപജീവനം കണ്ടെത്തിയിരുന്നവർ ഇപ്പോൾ പകച്ചു നിൽക്കുകയാണ്. ഇനി എന്ത് ചെയ്യും. മത്സ്യവില്പന വഴി കോവിഡ് പടരുമെന്ന് അധികൃതർ പറയുന്പോൾ, ഞങ്ങളുടെ കാര്യം നിസാരം മീൻകച്ചവടക്കാരൻ മനോജ്.
എന്നാലും നാടൻ വള്ളക്കാർ പിടിച്ച് കൊണ്ടുവരുന്ന മീൻ വിൽക്കാൻ അനുവദിക്കണമെന്ന അപേക്ഷയും മനോജിനുണ്ട്. കോവിഡിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട പലരും തൊഴിലായി മത്സ്യക്കച്ചവടം സ്വീകരിച്ചവരുണ്ട്. അവരും ഇപ്പോൾ വിഷമത്തിലാണ്.
“പാപി ചെല്ലുന്നിടം പാതാളം’ എന്നു പറഞ്ഞപോലെയായി. നിർമാണ തൊഴിലാളി മുതൽ ബസ് തൊഴിലാളിവരെ മീൻകച്ചവടത്തിന് ഇറങ്ങിയിരുന്നു. ഒരു പ്രമുഖ ബാന്റ്സെറ്റിന്റെ ഉടമ ജീവിതം വഴിമുട്ടിയപ്പോൾ രണ്ടാഴ്ച മുന്പാണ് മീൻകച്ചവടം തുടങ്ങിയത്.
കടൽ മീനിന്, പ്രത്യേകിച്ച് വരവു മത്സ്യത്തിനു വിലക്ക് വന്നപ്പോൾ പുഴമീൻ കച്ചവടത്തിലേക്കു മാറ്റി. ഫ്രെഷ് മീനായതുകൊണ്ട് പോലീസ് മണ്ണെണ്ണ ഒഴിക്കില്ലെന്ന് കരുതാം- ബാന്റ് ഉടമ പറയുന്നു.
ചേറ്റുവ, മുനക്കകടവ് ഹാർബറുകൾ, ബ്ലാങ്ങാട്ടെ മത്സ്യമൊത്ത മാർക്കറ്റ്, കടപ്പുറത്തെ മത്സ്യചില്ലറ കച്ചവടം, ചാവക്കാട് പഴയപാലം മീൻതട്ട് നൂറുകണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്നു. ഇവിടെ എല്ലാം നിശ്ചലം! ഇനി എന്ന്് ?