കൊല്ലങ്കോട്: മീങ്കര അണക്കെട്ടിൽ നാല്ക്കാലികളെ മേയാൻ വിടരുതെന്ന കളക്ടറുടെ ഉത്തരവു പാലിക്കുന്നില്ലെന്നു പരാതി. നാലു പഞ്ചായത്തു പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് ഇവിടെനിന്നാണ്. നൂറുകണക്കിന് നാല്ക്കാലികളാണ് നിലവിൽ ജലസംഭരണിയിൽ ഇറങ്ങി കുളിച്ചു രസിക്കുന്നത്.
ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നു മീങ്കര അണക്കെട്ടിൽ ലക്ഷങ്ങൾ ചെലവഴിച്ച് കന്പിവേലി നിർമിച്ച് സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും വേലിതകർത്താണ് കാലികളെ വിടുന്നത്. ചാണകവും മൂത്രവുംമൂലം അണക്കെട്ടിലെ വെള്ളം മലിനമാകുന്നതിനാൽ ശുദ്ധീകരണശേഷവും ദുർഗന്ധമുണ്ടാകുന്നതായുള്ള പരാതിയുണ്ട്.
പന്നിഫാമിൽനിന്നുള്ള മാലിന്യവും അണക്കെട്ടു വെള്ളത്തിലേക്കാണ് ഒഴുകുന്നത്. കഴിഞ്ഞവർഷം നാട്ടുകാർ നല്കിയ പരാതിയെ തുടർന്ന് പോലീസെത്തി ഫാം ഉടമയ്ക്ക് മാലിന്യം നിക്ഷേപിക്കരുതെന്നു മുന്നറിയിപ്പുനല്കിയിട്ടും ഇതു നിർബാധം തുടരുകയാണ്.
പുലർച്ചെ അണക്കെട്ടിൽ പ്രദേശവാസികൾ പ്രാഥമികകൃത്യം നിർവഹിക്കുന്നതായും പരാതിയുണ്ട്. മഴ പെയ്യുന്നതോടെ ഇവ വെള്ളത്തിലേക്കാണ് ഒഴുകിയെത്തുന്നത്.ഇത്തരം പ്രവർത്തനങ്ങൾ തടയാൻ അണക്കെട്ടിൽ വാച്ച്മാനെ നിയമിച്ചും സിസിടിവി കാമറ സ്ഥാപിച്ചും ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.