മുതലമട: മീങ്കര അണക്കെട്ടിലെ ജലസംഭരണപ്രദേശത്തുകൂടി സ്വകാര്യ പന്നിഫാമിലേക്ക് വാഹനങ്ങളിൽ ഇറച്ചിമാലിന്യം കൊണ്ടുപോകുന്നതായി പരാതി. വ്യാഴാഴ്ച ട്രാക്ടറിലാണ് ജലസംഭരണിയുടെ വടക്കുഭാഗത്തുള്ള പന്നിഫാമിലേക്ക് മാലിന്യം കൊണ്ടുവന്നത്.
മാലിന്യ ദുർഗന്ധം പുറത്തുവരാതിരിക്കാൻ ബാരലുകളുടെ മേൽഭാഗം അടച്ചിരുന്നു. മാലിന്യം ഫാമിലെത്തിച്ചശേഷം ബാരലുകൾ ശുചീകരിക്കുന്നതും ജലസംഭരണിയിലാണെന്നു പരാതിയുണ്ട്. അഞ്ചു പഞ്ചായത്തുകളിലേക്ക് വെള്ളംവിതരണം ചെയ്യുന്ന ജലസംഭരണിയിലാണ് മാലിന്യം കലരുന്നത്.
ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. നാലുമാസംമുന്പ് പന്നിഫാമിലേക്ക് വാഹനത്തിൽ മാലിന്യം കൊണ്ടുവന്നതിനെതിരേ നാട്ടുകാർ കൊല്ലങ്കോട് പോലീസിൽ പരാതി നല്കിയിരുന്നു. തുടർന്ന് ഫാം നടത്തിപ്പുകാരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മേലിൽ ഇത്തരം നടപടിയെടുണ്ടാകരുതെന്ന് താക്കീതു ചെയ്തിരുന്നു.
ആറുമാസത്തോളം മൗനംപാലിച്ച ഫാം ഉടമ ജലസംഭരണ പ്രദേശത്തു കൂടി മാലിന്യം കൊണ്ടുവരുന്നത് വീണ്ടും തുടങ്ങിയിരിക്കുകയാണ്. അണക്കെട്ട് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് അണക്കെട്ടിനു ചുറ്റും കന്പിവേലി നിർമിച്ചിരുന്നു.
എന്നാൽ ഈ വേലി തകർത്താണ് ജലസംഭരണിയിലേക്ക് വാഹനങ്ങൾ പോകുന്നത്. ഇക്കാര്യം അറിഞ്ഞിട്ടും നാളിതുവരെയും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.