മുതലമട: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് രണ്ടുദിവസത്തിനകം മീങ്കര ഡാമിലേക്ക് വെള്ളം നല്‍കുമെന്ന് ജില്ലാ കളക്ടർ ഉറപ്പുനല്‍കി. മീങ്കര ചുള്ളിയാർ ജലസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നല്കി നടത്തിയ ചർച്ചയിലാണ് ഉറപ്പുനല്‍കിയത്.
മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ എന്നീ നാലു പഞ്ചായത്തുകളിലെ ഒരുലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട മീങ്കരഡാമിൽ 17.8 അടി വെള്ളം മാത്രമാണുള്ളത്. ഇതിൽ 10 അടിയോളം മണ്ണും ചെളിയുമാണ്. നിലവിൽ വിതരണം ചെയ്യുന്ന കുടിവെള്ളം നിറഭേദമുള്ളതും അരുചിയുള്ളതുമാണ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പറന്പിക്കുളം വെള്ളം മീങ്കര ഡാമിലേക്ക് എത്തിച്ചും ജലവിതരണം ഭാഗികമായിരുന്നു.
ഈ ജലവർഷത്തിൽ മീങ്കരയിലേക്ക് പറന്പിക്കുളം വെള്ളം ഒട്ടും ലഭിച്ചിട്ടില്ല. നിലവിൽ പറന്പിക്കുളത്തുനിന്നും ലഭിക്കുന്ന വെള്ളത്തിൽ കുടിവെള്ളത്തിനായി കന്പാലത്തറ ഏരിയിൽനിന്നും വെള്ളം ലഭ്യമാക്കണമെന്ന് സമിതി കളക്ടറെ കണ്ട് ആവശ്യപ്പെട്ടു.തുടർന്ന് കളക്ടർ ജലവകുപ്പ് ജോയിന്റ് ഡയറക്ടറുമായും എക്സിക്യൂട്ടീവ് എൻജിനീയറുമായും ഫോണിൽ സംസാരിച്ചാണ് രണ്ടു ദിവസത്തിനകം വെള്ളം നല്‍കാമെന്ന് ഉറപ്പുനല്‍കിയത്.
മീങ്കര ചുള്ളിയാർ ജലസംരക്ഷണസമിതി രക്ഷാധികാരി ആർ.അരവിന്ദാക്ഷൻ, ചെയർമാൻ എ.എൻ.അനുരാഗ്, ജനറൽ കണ്‍വീനർ സജേഷ് ചന്ദ്രൻ, കോ-ഓർഡിനേറ്റർ പി.സതീഷ്, ഭാരവാഹികളായ എൻ.ജി.കെ.പിള്ള, സക്കീർ ഹുസൈൻ, പി.സി.വിജയൻ, അമാനുള്ള, ആർ. ബിജോയ്, എ.സാദിഖ്, എസ്.ദിവാകരൻ, ബാലകൃഷ്ണൻ, പി.ഗിരിദാസ് തുടങ്ങിയസംഘമാണ് ജില്ലാ കളക്ടറെ കണ്ടത്.