മുതലമട: മീങ്കര അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു വെള്ളത്തിനു പച്ചനിറം. ഫിൽറ്റർ പ്ലാന്റിൽ ക്ലോറിനേഷൻ നടത്തിയാലും വെള്ളത്തിന്റെ നിറത്തിനു മാറ്റമുണ്ടാകുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. നിലവിൽ പതിനാലടി വെള്ളമുണ്ടെങ്കിലും ഇതിൽ പത്തടിയും ചെളിയാണ്. എത്രദിവസം വെള്ളം വിതരണം നടത്താനാകുമെന്ന് അധികൃതർക്കും പറയാനാകുന്നില്ല.
അണക്കെട്ട് പന്പിംഗ് സ്റ്റേഷനിലുള്ള 50 എച്ച്പിയുടെ രണ്ടു മോട്ടോറുകളിൽ ഒരെണ്ണം രണ്ടുമാസംമുന്‍പ് കത്തിപ്പോയിരുന്നു. നിലവിൽ ഒരു മോട്ടോർ ഉപയോഗിച്ചു മാത്രമാണ് പന്പിംഗ് നടത്തുന്നത്. ചെറിയതോതിൽ കേടുള്ള ഈ മോട്ടോറിന്റെ പ്രവർത്തനം നിലച്ചാൽ മുതലമട, കൊല്ലങ്കോട്, വടവന്നൂർ, പല്ലശന പഞ്ചായത്തുകളിലെ കുടുംബങ്ങൾക്കു കുടിവെള്ളം നിലയ്ക്കാൻ സാധ്യത ഏറെയാണ്.
കേടായ മോട്ടോർ ആലത്തൂർ തൃപ്പാളൂരിലെ സ്വകാര്യ എൻജിനീയറിംഗ് കന്പനിയിൽ കേടുപാടു തീർത്തിട്ടുണ്ടെങ്കിലും വാട്ടർ അഥോറിറ്റി അധികൃതർ പ്രതിഫല തുക നല്‍കാത്തതാണ് മോട്ടോർ പുനഃസ്ഥാപിക്കാൻ തടസമെന്നു പറയപ്പെടുന്നു.നിലവിൽ ഏകദേശം പതിനഞ്ചു ദിവസത്തേക്കു പന്പിംഗിനുള്ള വെള്ളമാണ് ശേഷിക്കുന്നത്.
കന്പാലത്തറ ഏരിയിൽനിന്നും മീങ്കരയിലേക്ക് എത്രയുംവേഗം വെള്ളംവിട്ട് കുടിവെള്ളവിതരണം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധസമരം നടത്തിയിരുന്നു.ഇനിയും വാട്ടർ അഥോറിറ്റി അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനു തയാറാകുമെന്ന് ജനങ്ങൾ മുന്നറിയിപ്പുനല്‍കി.