കൂത്തുപറമ്പ്: പ്രകൃതി ആസ്വാദകർക്ക് നയന മനോഹര കാഴ്ചയൊരുക്കി ചെറുവാഞ്ചേരിയിലെ മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം. പ്രകൃതി ഭംഗി ആസ്വദിക്കാനും പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന തെളിനീരിൽ നീരാടാനുമെല്ലാം ആഗ്രഹിക്കുന്നുവെങ്കിൽ ചെറുവാഞ്ചേരിക്കടുത്ത കൈതച്ചാലിലേക്ക് പോകാം.മീൻമുട്ടി പാറയ്ക്ക് ഡബിൾ പാറ എന്നും പേരുണ്ട്.
കണ്ണവം വനത്തിനകത്താണ് അധികമാരും അറിയാതെ പ്രകൃതി ഈ മനോഹര കാഴ്ച ഒളിപ്പിച്ചു വച്ചിരിക്കുന്നത്.മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന കാട്ടരുവികൾ സംഗമിച്ച് ചെറുതോടായി മാറി പാറ കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന തെളിനീർ താഴ്ചയിലേക്കു പതിക്കുന്ന കാഴ്ച ഏവരുടെയും മനസ്സിനെ കുളിരണിയിക്കുന്നതാണ്.
ഇവിടത്തെ കൂറ്റൻ പാറയാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്.ഈ പാറയുള്ളതിനാലാണ് മീൻമുട്ടി പാറയെന്ന് അറിയപ്പെടുന്നത്.ചെറുവാഞ്ചേരി ഭാഗത്ത് നിന്നും വരുന്നവർക്ക് കണ്ണവം റോഡിലൂടെ പൂവ്വത്തൂർ പാലത്തെത്തി വലത്തോട്ട് മാറി വെങ്ങളം റോഡിലൂടെ അല്പദൂരം മുന്നോട്ട് പോയാൽ മീൻമുട്ടി പാറയിലെത്താം.
കണ്ണവം ഭാഗത്തു നിന്നാണെങ്കിൽ ചെറുവാഞ്ചേരി റോഡിലൂടെ സഞ്ചരിച്ച് വെളുമ്പത്ത് നിന്നും കണ്ണവം കോളനി റോഡിലൂടെ യാത്ര ചെയ്തും ഇവിടേക്ക്എത്താം. ഇതിന് സമീപത്തായി ഒരു ചെക്ക്ഡാമും ഉണ്ട് .മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി ഈ കാലവർഷത്തിൽ നിരവധി പേരാണ് പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.