പടിഞ്ഞാറത്തറ: ബാണാസുര ഡാം റിസർവോയറിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നതോടെ മീൻപിടിത്തക്കാരും കൂടുതലെത്തി. ഇന്നലെ രണ്ടുഷട്ടറുകൾക്കൂടി തുറന്നതോടെ നിയന്ത്രണങ്ങൾ മറികടന്ന് നിരവധി പേർ മീൻ പിടിക്കാനായി നിരോധിത മേഖലയിൽ പ്രവേശിച്ചു.
രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മീൻപിടിത്തക്കാരുടെ ഒഴുക്കാണ് ഉണ്ടായത്. എന്നാൽ ഉച്ചയോടെ വൈത്തിരി സർക്കിൾ ഇൻസ്പെക്ടരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി മുഴുവൻ പേരെയും നിരോധിത മേഖലയിൽ നിന്നും ഒഴിപ്പിച്ചു. പിന്നീട് പാലത്തിന് താഴെ വെച്ചാണ് വെള്ളത്തിൽ മുങ്ങിയും വലവീശിയും മീനുകളെ പിടികൂടിയത്.
2000 മുതൽ 5000 രൂപ വരെവിലക്കാണ് മീനുകളെ വിൽപ്പന നടത്തിയത്. നിരോധിത മേഖലയിൽ പ്രവേശിച്ച് മീൻപിടിച്ചതിന് ഒന്പത് പേരെ പടിഞ്ഞാറത്തറ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു. രണ്ടുഷട്ടറുകൾക്കൂടി തുറന്നതോടെ പ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഭീതിയിലാണ്. തരിയോട് മാങ്ങോട്ട് കോളനിയിലെ എട്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.