കല്ലടിക്കോട്: കല്ലടിക്കോടൻ മലയുടെ പാർശ്വഭാഗത്തുള്ള മീൻവല്ലം ചെറുകിട ജലവൈദ്യുതി പദ്ധതി ജലവിഭവത്തെ ഫലപ്രദമായി വിനിയോഗിച്ച് ഉൗർജോത്പാദനവും വികസനവും എങ്ങനെ സാധ്യമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. നാലാംവർഷം അടുക്കുന്പോൾ പദ്ധതിയിൽനിന്നുള്ള വരുമാനവും ഉത്പാദനവും പ്രതീക്ഷിച്ചതിലേറെ. നാലുവർഷം മുന്‍പ് ഓഗസ്റ്റ് 29നായിരുന്നു മീൻവല്ലം വൈദ്യുതിപദ്ധതിയുടെ ഒൗപചാരിക പ്രവർത്തനോദ്ഘാടനം നടന്നത്.മണ്ണാർക്കാട് താലൂക്കിൽ കരിന്പ പഞ്ചായത്തിലാണ് മീൻവല്ലംപദ്ധതി പ്രദേശം.
ഓഗസ്റ്റ് 29ന് പദ്ധതി കമ്മീഷൻ ചെയ്തപ്പോൾ രാജ്യത്ത് ഒരു തദ്ദേശ സ്ഥാപനം നടപ്പിലാക്കുന്ന ആദ്യ ചെറുകിട വൈദ്യുതിപദ്ധതി എന്നനിലയിൽ രാജ്യാന്തരശ്രദ്ധ നേടിയിരുന്നു. മൂന്ന് മെഗാവട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകൾ വഴി ഒരുലക്ഷം യൂണിറ്റ് വർഷം ഉത്പാദിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. വൈദ്യുതിവകുപ്പിന്റെ നിർലോഭമായ പിന്തുണ പദ്ധതിക്കുണ്ടായി.
ആദ്യവർഷം പൂർത്തിയായപ്പോൾ തന്നെ പദ്ധതിയിൽനിന്നും മൂന്നുകോടി രൂപ വരുമാനമുണ്ടായിരുന്നു. ജൂണ്‍, ജൂലൈ മാസത്തിലായിരുന്നു കൂടുതൽ ഉൽപാദനം. കഴിഞ്ഞ സീസണിൽ 56 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചു. ഇതുവരെ വൈദ്യുതിവകുപ്പിന് രണ്ടുകോടി അറുപത്തി എട്ടുലക്ഷം യൂണിറ്റ് വൈദ്യുതി നല്‍കിക്കഴിഞ്ഞു. മീൻവല്ലത്തെ വൈദ്യുതി കല്ലടിക്കോട്ടെ 110 സബ്സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് വിതരണം.
ഇരുപതുകോടി രൂപയായിരുന്നു പദ്ധതിയുടെ മുതൽമുടക്ക്. ഇതിൽ എട്ടുകോടി രൂപയാണ് നബാർഡ് സഹായം. നബാർഡിനു നല്‍കാനുള്ള ലോണ്‍ ഈ വർഷം സെപ്റ്റംബറിൽ അടച്ചു തീരും.മുടക്കിയ തുക തിരിച്ചു പിടിച്ചതിനുശേഷം ലഭിക്കുന്ന വരുമാനം മറ്റ് പദ്ധതികൾ നടപ്പിലാക്കാൻ വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സീസണിൽ മാത്രം 90ലക്ഷം യൂണിറ്റാണ് ലക്ഷ്യം.
മണ്‍സൂണ്‍കാലത്ത് ആകെ ഉത്പാദനം മൂന്നുകോടി യൂണിറ്റിലെത്താനും സാധ്യതയുണ്ട്. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ പ്രൊജക്ട് കന്പനി മാനേജിംഗ് ഡയറക്ടർ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരിയുടെയും വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസിന്റെയും നേതൃത്വത്തിൽ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
പദ്ധതി പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുന്നതിനുള്ള നടപടികൾ അനുദിനം പുരോഗമിക്കുന്പോഴും ജില്ലാ പഞ്ചായത്തിന് വൻലാഭം നേടിക്കൊടുക്കുന്പോഴും സ്റ്റേഷൻ ഹൗസിലേക്കെത്താൻ പുഴയ്ക്ക് കുറുകെപാലംപോലും ഇല്ലാത്തത് ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം ആവശ്യപ്പെട്ട് ഹൈഡ്രൽ എംപ്ലോയീസ് യൂണിയൻ അംഗങ്ങളും നാട്ടുകാരും നിരന്തരം ശബ്ദമുയർത്തുന്നുണ്ടെങ്കിലുംഇതുവരെയും പരിഹാരമായിട്ടില്ല.