മലയാള സിനിമയിലെ താരങ്ങൾ എല്ലാവരും തന്നെ ഒത്തുചേർന്ന ചിത്രമായിരുന്നു ട്വന്റി20. സിനിമാ സംഘടനയായ അമ്മയുടെ സാന്പത്തിക പ്രതിസന്ധി തീർക്കാൻ ദിലീപ് നിർമാണവും ജോഷി സംവിധാനവും ഏറ്റെടുത്ത ഈ ചിത്രത്തിൽ നിന്നു നടി മീരാ ജാസ്മിൻ വിട്ടു നിന്നിരുന്നു.
താരസംഘടനയായ അമ്മയുമായുള്ള പ്രശ്നം കൊണ്ടാണ് മീര ജാസ്മിൻ അഭിനയിക്കാതിരുന്നതെന്നും മീരയെ ദിലീപ് മനഃപൂർവ ഒഴിവാക്കിയെന്നും ഒക്കെയുള്ള വാർത്തകൾ അക്കാലത്ത് പ്രചരിച്ചിരുന്നു.
എന്നാൽ അന്ന് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് ഒരു അഭിമുഖത്തിൽ മീര വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ആ വാക്കുകൾ ശ്രദ്ധ നേടുകയാണ്…
ട്വന്റി20 യിൽ അഭിനയിക്കാൻ പറ്റാത്തതിൽ എനിക്ക് നല്ല വിഷമമുണ്ട്. ദിലീപേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച സിനിമയിൽ അഭിനയിക്കാൻ കഴിയാത്തത് വലിയ വിഷമം തന്നെയായിരുന്നു. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു.
ഞാൻ മനഃപൂർവം ആ സിനിമ ചെയ്യാതിരുന്നതാണെന്നാണ് എല്ലാവരും കരുതിയത്. ദിലീപേട്ടൻ ആദ്യം ഡിസംബറിൽ എന്നോട് ഡേറ്റ് ചോദിച്ചു. പിന്നെ അത് മാറി ജനുവരിയിൽ ആയി. പിന്നെ ഫെബ്രുവരിയിൽ ആയി. പക്ഷെ അത് അദ്ദേഹം അറിഞ്ഞുകൊണ്ടായിരുന്നില്ല.
ഒരുപാട് മുൻനിര താരങ്ങളും അഭിനയിക്കുന്ന സിനിമയായതുകൊണ്ട് ഡേറ്റിന്റെ കാര്യം വലിയ പ്രശ്നം തന്നെയായിരുന്നു. ഒരു ഏപ്രിൽ മാസമൊക്കെ ആയപ്പോഴേക്കും ഞാൻ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു.
ട്വന്റി 20 യിലേക്ക് എന്നെ വിളിക്കുന്പോൾ ഞാൻ ആ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു. അവർക്ക് ആ സിനിമ പെട്ടന്ന് റിലീസ് ചെയ്യണം എന്ന ആവശ്യമുണ്ടായിരുന്നു.
അതിനിടെ ഇവിടെ നിന്നും വിളി. സമ്മർദം സഹിക്കാതെ ഒടുവിൽ ട്വന്റി 20 ഉപേക്ഷിക്കേണ്ടി വന്നു. അതിന് ശേഷം സിനിമയിൽ നിന്ന് തന്നെ ബാൻ ചെയ്തു എന്നൊക്കെയുള്ളത് തെറ്റായ വാർത്തയാണ്- മീര ജാസ്മിൻ വ്യക്തമാക്കി.
-പി.ജി