സലാം ബോംബെ, കാമസൂത്ര: എ ടെയ്ൽ ഓഫ് ലൗ, മൺസൂൺ വെഡിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള അംഗീകാരം നേടിയ മീര നായർ ടെലിവിഷൻ സീരീസുമായെത്തുന്നു. പ്രശസ്ത എഴുത്തുകാരൻ വിക്രം സേത്തിന്റെ എ സ്യൂട്ടബിൾ ബോയ് എന്ന നോവലാണ് അതേ പേരിൽ മീര ടി.വി സീരീസ് ആക്കുന്നത്.
ബിബിസി വൺ ആണ് ടി.വി സീരീസ് നിർമിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടേയും വിഭജനാനന്തര കാലത്തിന്റെയും പശ്ചാത്തലത്തിൽ നാലുകുടുംബങ്ങളുടെ കഥ പറയുന്ന എ സ്യൂട്ടബിൾ ബോയ് എന്ന നോവൽ 1993ലാണ് പുറത്തിറങ്ങിയത്.
ടി.വി സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തബുവും ഇഷാൻ ഖട്ടറും ആണ്. ആറു ഭാഗങ്ങളാണ് ടിവി സീരിസിനുള്ളത്. രസിക ദുഗൽ, ഷഹന ഗോസ്വാമി, തന്യ മണിക്തല, മഹിര കാക്കർ, നമിത ദാസ്, വിജയ് വർമ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സയിദ ഭായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ തബു അവതരിപ്പിക്കുന്നത്.