നടി മീരാ നന്ദന്റെ വിവാഹാഘോഷങ്ങൾ ആരംഭിച്ചു. വിവാഹത്തിന് മുന്നോടിയായി തന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ മീര ആരാധകർക്കായി ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടു. നടിമാരായ നസ്രിയ നസീം, ശ്രിന്ദ, ആൻ അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസറ്റുമാരായ ഉണ്ണി പി. എസ്, സജിത്ത് ആന്റ് സുജിത്ത് എന്നിവരെയും ചിത്രങ്ങളിൽ കാണാം. ചിത്രങ്ങളിൽ മീരയുടെ കൂട്ടുകാരുടെ കൈയിലും മെഹന്ദി ഡിസൈനുകളുണ്ട്.
വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനിൽ അക്കൗണ്ടന്റ് ആണ് ശ്രീജു.
മലയാള സിനിമയിൽ നിന്ന് ഇടവേളയെടുത്ത നാളുകളിൽ മീര നന്ദൻ ദുബായിയിൽ ആർ.ജെയായി പ്രവർത്തിച്ചു വരികയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ സന്തോഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.