ഏഴാം വയസില്‍ ഞാന്‍ ലൈംഗികചൂഷണത്തിന് വിധേയനായി, ഇരയാക്കിയത് അടുത്തയാളുകള്‍, ലൈംഗിക വിദ്യാഭ്യാസം ആവശ്യം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മീര വാസുദേവ്

Meera1

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര വാസുദേവ് എന്ന മുംബൈക്കാരി. മലയാളി അല്ലാതിരുന്നിട്ടും മലയാള സിനിമയെ ചേര്‍ത്തുപിടിച്ച മീരയ്ക്ക് പിന്നീട് തിളങ്ങാനായില്ല. തന്മാത്രയ്ക്കുശേഷം രണ്ടാംനിര സിനിമകളിലേക്ക് ഒതുക്കപ്പെട്ടതോടെ അവര്‍ പതിയെ അന്യഭാഷകളിലേക്ക് ചേക്കേറി. എന്നാല്‍ മലയാളത്തോടുള്ള ഇഷ്ടം വിടാതിരുന്ന അവര്‍ വീണ്ടും തിരിച്ചെത്തി. രാഷ്ട്രദീപിക സിനിമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അവര്‍. വ്യക്തിജീവിതത്തില്‍ നേരിടേണ്ടിവന്ന പല വിഷമഘട്ടത്തെക്കുറിച്ചും അഭിമുഖത്തിനിടെ മീര തുറന്നുപറഞ്ഞു. പീഡനകാലമായിരുന്ന ആദ്യ വിവാഹത്തെക്കുറിച്ചും പിന്നീട് ജീവിതത്തിലേക്ക് കടന്നുവന്ന ജോണുമായുള്ള വേര്‍പിരിയലുമൊക്കെ.

തന്റെ ചെറുപ്പകാലത്ത് താന്‍ നിരവധി തവണ ലൈംഗിക ചൂഷണത്തിനിരയായെന്നു പറഞ്ഞാണ് മീര ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.” ഏഴാം വയസിലാണ് എനിക്ക് ആദ്യമായി ലൈംഗിക ചൂഷണം നേരിടേണ്ടി വന്നത്. വീട്ടിലെ ജോലിക്കാര്‍, ട്യൂഷന്‍ പഠിപ്പിച്ച വളരെ പ്രായമുള്ള മനുഷ്യന്‍, പ്ലേ സ്‌കൂളിലെ ടീച്ചറിന്റെ ഭര്‍ത്താവ് ഇങ്ങനെ പലരും ചെറുപ്രായത്തില്‍ തന്നെ എന്നെ ഇങ്ങനെ ചൂഷണം ചെയ്തിട്ടുണ്ട്” മീര പറയുന്നു. ഇതൊന്നും താന്‍ മാതാപിതാക്കളോടു പറഞ്ഞിരുന്നില്ലെന്നും കുട്ടിയായതിനാല്‍ ഇത്തരം കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയില്ലായിരുന്നെന്നും നടി പറഞ്ഞു. തനിക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ലൈംഗിക വിദ്യഭ്യാസം അത്യവശ്യമാണെന്ന് താന്‍ പറയുന്നതെന്നും മീര വ്യക്തമാക്കുന്നു. താന്‍ ഡെക്കാന്‍ ക്രോണിക്കിളില്‍ ചെയ്യുന്ന കോളത്തില്‍ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം താന്‍ വിശദീകരിച്ചിട്ടുണ്ടെന്നും മീര പറഞ്ഞു.

2005ല്‍ നടന്ന ആദ്യ വിവാഹം ഇപ്പോഴും പേടി സ്വപ്‌നമായി അവശേഷിക്കുന്നുവെന്നും ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങള്‍ക്കു ശേഷമാണ് പോലീസ് സംരക്ഷണത്തിലാണ് താന്‍ അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും മീര പറയുന്നു. ആ ബന്ധം 2007ല്‍ അവസാനിച്ചു. കാമറാമാന്‍ അശോക് കുമാറിന്റെ മകനായ ആദ്യ ഭര്‍ത്താവ് മദ്യപാനിയും മാനസിക പ്രശ്‌നങ്ങളുള്ള ആളുമായിരുന്നു. ഒരു സിനിമാസെറ്റില്‍ വച്ചാണ് അയാളെ പരിചയപ്പെടുന്നത്. അയാള്‍ ചെന്നൈയിലും മുംബൈയിലുമായതിനാല്‍ കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നും മീര വെളിപ്പെടുത്തി.

”ആദ്യ വിവാഹബന്ധം അവസാനിച്ച് നാലു വര്‍ഷത്തിനു ശേഷമാണ് തൃശൂര്‍ സ്വദേശി ജോണിനെ വിവാഹം കഴിച്ചത്. ഞങ്ങള്‍ പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. കുഞ്ഞിന്റെ കാര്യങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചാണ് ശ്രദ്ധിക്കുന്നത്.” മീര പറയുന്നു. പിന്നെ എന്തിനു പിരിഞ്ഞെന്ന ചോദ്യത്തിന് അതൊക്കെ മാധ്യമങ്ങളില്‍ കൊടുത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനില്ലെന്നായിരുന്നു മീരയുടെ മറുപടി. കരിയറില്‍ പൂര്‍ണമായും ശ്രദ്ധിച്ചു മുമ്പോട്ടു പോകാനാണ് ഇനിയുള്ള തീരുമാനമെന്നു പറയുന്ന മീര ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമ അതിനു പറ്റിയ തുടക്കം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. സെലക്ടീവായി സിനിമകള്‍ ചെയ്യുന്നതിനൊപ്പം മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന മോഹം പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ് താന്‍ എന്നും മീര വ്യക്തമാക്കുന്നു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം അടുത്തലക്കം രാഷ്ട്രദീപിക സിനിമ ദൈ്വവാരികയില്‍

Meera2

 

Related posts