തന്മാത്ര എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് മീര വാസുദേവ്. എന്നാല്‍ ആദ്യ ചിത്രത്തിലെ വിജയം ആവര്‍ത്തിക്കാതെ പോയതോടെ നടിയുടെ ഗ്രാഫ് ഇടിഞ്ഞു. പിന്നീട് ലഭിച്ചതാകട്ടെ രണ്ടാംനിര ചിത്രങ്ങളില്‍ അമ്മ, സഹോദരി വേഷങ്ങളും. ഇതോടെ ഇടക്കാലത്തേക്ക് മലയാളവുമായി വിടപറയുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുന്ന മീര ഒരുപിടി ഗുരുതര ആരോപണങ്ങളുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. മീര ചെറിയ റോളിലെത്തിയ 916 എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചാണ് താരത്തിന്റെ ആരോപണശരങ്ങള്‍.
മലയാളത്തിലേക്ക് മടങ്ങി വരാന്‍ ഇത്രയും സമയമെടുത്തത് 916 എന്ന സിനിമയാണ്. എനിക്ക് കിട്ടിയ ഏറ്റവും മോശം പ്രതികരണം ആയിരുന്നു ആ സിനിമയിലേത്. ശരിക്കും അവര്‍ എന്നെ വഞ്ചിച്ചു. ആ കയ്പായിരുന്നു ഇടവേളക്കുള്ള കാരണം. പറഞ്ഞ കഥയില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു പിന്നീട് ആ ചിത്രത്തില്‍ കണ്ടത്. 15 ദിവസത്തെ വര്‍ക്കുണ്ടെന്ന് പറഞ്ഞ് കരാറാക്കി, അഡ്വാന്‍സ് തന്ന് മൂന്ന് ദിവസം മാത്രം ഷൂട്ട് ചെയ്തു. പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ കൊടുപ്പിച്ചു. അതിന് ശേഷം എന്നെ തിരിച്ചയച്ചു. പിന്നീട് ആ സിനിമയെ കുറിച്ച് ഞാനൊന്നും അറിഞ്ഞിട്ടില്ല.
ആ പേരില്‍ എന്നെ പിന്നീടാരും വിളിച്ചില്ല. ആ സിനിമയില്‍ അഭിനയിച്ചതിനെ ഏറ്റവും മോശം അനുഭവം എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ആ ടീമിനൊപ്പമോ ആ സിനിമയില്‍ അഭിനയിച്ചവര്‍ക്കൊപ്പമോ ഇനിയൊരു സിനിമ ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒരു കലാകാരിയോട് ചെയ്യുന്ന ഏറ്റവും വലിയ അപമാനമാണത്. അതിന്റെ കയ്പ്പ് മനസ്സില്‍ ഇപ്പോഴുമുണ്ട്. അതിഥിയായി ക്ഷണിച്ച ശേഷം അവരെ അപമാനിച്ച് വിടുന്നത് ശരിയാണോ? മലയാള സിനിമയിലെ ഏറ്റവും വലിയ ദൗര്‍ബ്ബല്യമായി ഞാനതിനെ കാണുന്നു. ഇടവേളയ്ക്ക് ശേഷം പിന്നീടൊരു മലയാള സിനിമ ചെയ്യാന്‍ ഞാന്‍ സമ്മതിച്ചത് അണിയറപ്രവര്‍ത്തകരെ നേരിട്ടറിയാവുന്നത് കൊണ്ടാണ് മീര പറഞ്ഞു.
താന്‍ ഏഴാം വയസില്‍ ലൈംഗിക പീഡനത്തിന് ഇരയായതായി രാഷ്ട്രദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തിയിരുന്നു. ഏഴാം വയസിലാണ് എനിക്ക് ആദ്യമായി ലൈംഗിക ചൂഷണം നേരിടേണ്ടി വന്നത്. വീട്ടിലെ ജോലിക്കാര്‍, ട്യൂഷന് പഠിപ്പിച്ച വളരെ പ്രായമുള്ള മനുഷ്യന്, പ്ലേ സ്കൂളിലെ ടീച്ചറിന്റെ ഭര്‍ത്താവ് ഇങ്ങനെ പലരും ചെറുപ്രായത്തില്‍ തന്നെ എന്നെ ഇങ്ങനെ ചൂഷണം ചെയ്തിട്ടുണ്ട്” മീര പറയുന്നു. ഇതൊന്നും താന്‍ മാതാപിതാക്കളോടു പറഞ്ഞിരുന്നില്ലെന്നും കുട്ടിയായതിനാല്‍ ഇത്തരം കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയില്ലായിരുന്നെന്നും നടി പറഞ്ഞു. തനിക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ലൈംഗിക വിദ്യഭ്യാസം അത്യവശ്യമാണെന്ന് താന്‍ പറയുന്നതെന്നും മീര വ്യക്തമാക്കുന്നു.
2005ല്‍ നടന്ന ആദ്യ വിവാഹം ഇപ്പോഴും പേടി സ്വപ്നമായി അവശേഷിക്കുന്നുവെന്നും ശാരീരികവും മാനസികവുമായ നിരവധി പീഡനങ്ങള്‍ക്കു ശേഷമാണ് പോലീസ് സംരക്ഷണത്തിലാണ് താന്‍ അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും മീര പറയുന്നു. ആ ബന്ധം 2007ല്‍ അവസാനിച്ചു. കാമറാമാന് അശോക് കുമാറിന്റെ മകനായ ആദ്യ ഭര്‍ത്താവ് മദ്യപാനിയും മാനസിക പ്രശ്നങ്ങളുള്ള ആളുമായിരുന്നു. ഒരു സിനിമാസെറ്റില്‍ വച്ചാണ് അയാളെ പരിചയപ്പെടുന്നത്. അയാള്‍ ചെന്നൈയിലും മുംബൈയിലുമായതിനാല്‍ കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നും മീര വെളിപ്പെടുത്തി.