ബസ് കയറാന്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്നും മാലപൊട്ടിച്ചോടുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇക്കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇവനെ പിടികൂടണമെന്നും അതിനായി പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ആ വീഡിയോ പ്രചരിച്ചത്.
എന്നാല്‍ ഇതൊരു ഡോക്യുമെന്ററിയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും ആരോ പകര്‍ത്തിയ വിഡിയോ ആണ്. കോഴിക്കോടാണ് ലൊക്കേഷന്‍. സുരേഷ് അച്ചൂസ് ഒരുക്കുന്ന ഈ ഡോക്യുമെന്ററിയില്‍ മീര വാസുദേവും രാജീവ് രാജനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മീരയുടെ മാല പൊട്ടിച്ചോടുന്ന രാജീവിന്റെ ചിത്രങ്ങളാണ് കള്ളനെന്ന പേരില്‍ പ്രചരിച്ചത്.
കാശിനാഥന്‍ എന്ന ആളുടെ പ്രൊഫൈലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ഷെയറുകളാണ് ഇതുവരെ വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്. സംഭവം സത്യമാണെന്ന് കരുതി പലരും ഇപ്പോഴും ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. ഇതൊരു ഷൂട്ടിംഗ് ലൊക്കേഷന്‍ വിഡിയോ ആണെന്നും കണ്ടപ്പോള്‍ താനും ഞെട്ടിപ്പോയി ആരും തെറ്റുധരിക്കരുത് എന്ന് അദ്ദേഹം പിന്നീട് ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.
പോസ്റ്റ് വന്‍ഹിറ്റായതോടെ രാജീവും അതിന് താഴെ കമന്റുമായി എത്തി. ‘ചേട്ടനെ എനിക്കറിയില്ല, പക്ഷെ ഒരുപാട് നന്ദിയുണ്ട്.. ഞാന്‍ മണിക്കൂറുകള്‍ക്കൊണ്ട് ഇത്രയും പ്രശസ്തനാവുമെന്ന് വിചാരിച്ചില്ല… എന്തായാലും നാളെ റിലീസ് ആവുന്ന ദിവാന്‍ജിമൂല ഗ്രാന്റ് പ്രീ എന്ന സിനിമയെയും ഇങ്ങന്നെ തന്നെ പ്രമോട്ട് ചെയ്ത് തരണേ..പ്ലീസ്’-രാജീവ് കുറിച്ചു.