ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറും തമ്മിൽ നിരവധി സമാനതകളുണ്ട്. ഇരുവരും ജനിച്ച വർഷം 1945. ദളിത് വിഭാഗത്തിൽ നിന്നുള്ളവരും നിയമ വിദഗ്ധരും. ഇരുവരും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുമുണ്ട്.
മുൻ ഉപപ്രധാനമന്ത്രിയും പ്രമുഖ ദളിത് നേതാവുമായിരുന്ന ബാബു ജഗ്ജീവൻ റാമിന്റെയും സ്വാതന്ത്ര്യ സമരസേനാനി ഇന്ദ്രാണി ദേവിയുടെയും മകളാണു മീരാ കുമാർ. ഡൽഹി സർവകലാശാലയിൽനിന്ന് എംഎ, എൽഎൽബി ബിരുദങ്ങൾ നേടി. 1973ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന ഇവർ 1976-1977 കാലഘട്ടത്തിൽ മാഡ്രിഡിലെ ഇന്ത്യൻ എംബസിയിലും 1977-1979ൽ ലണ്ടനിലെ ഹൈക്കമ്മീഷനിലും സേവനമനുഷ്ഠിച്ചു. 1980 മുതൽ 1985വരെ വിദേശകാര്യമന്ത്രാലയത്തിൽ കണ്‍സൾട്ടേറ്റീവ് കമ്മിറ്റി അംഗമായിരുന്നു.
വിദേശ മന്ത്രാലയത്തിലെ സേവനത്തിനുശേഷം കോണ്‍ഗ്രസിൽ ചേർന്നു. 1990-1992, 1996-1999 കാലയളവുകളിൽ എഐസിസി ജനറൽ സെക്രട്ടറിയും 1990-2000, 2002-2004 കാലയളവുകളിൽ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്നു. 1985ൽ ബീഹാറിൽനിന്ന് എട്ടാം ലോക്സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ പതിമ്മൂന്നാം ലോക്സഭയിലും 1998ൽ പന്ത്രണ്ടാം ലോക്സഭയിലും ഡൽഹിയിലെ കരോൾ ബാഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999ലെ പതിമൂന്നാം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിലെ സസാറാം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ, 2004ൽ പതിന്നാലാം ലോക്സഭയിലും 2009ൽ പതിനഞ്ചാം ലോക്സഭയിലും ഇതേ മണ്ഡലത്തിൽനിന്നുതന്നെ വിജയിച്ച് അംഗമായി.
2004 മുതൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൽ സാമൂഹ്യനീതി വകുപ്പിൽ സഹമന്ത്രിയായിരുന്നു. 2009ലെ മൻമോഹൻ സിംഗ് സർക്കാരിൽ ജലവിഭവമന്ത്രിയായി നിയമിതയായെങ്കിലും സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനെത്തുടർന്ന് 2009 രാജിവച്ചു. സുപ്രീംകോടതി അഭിഭാഷകനായ മഞ്ജുൾ കുമാറാണ് ഭർത്താവ്. അൻഷുൽ, സ്വാതി, ദേവാംഗന എന്നിവർ മക്കളാണ്.