ടോക്കിയോ: ഭാരോദ്വഹനത്തിലൂടെ ഇന്ത്യ ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ നേടി. 49 കിലോഗ്രാം വിഭാഗത്തിൽ മീരാഭായി ചാനുവാണ് വെള്ളി മെഡൽ നേടി ചരിത്രം നേട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജർക്കിലും മികച്ച പ്രകടനം പുറത്തെടുത്താണ് ചാനു സ്വപ്ന നേട്ടത്തിലേക്ക് എത്തിയത്.
സ്നാച്ചിൽ 87 കിലോയും ക്ലീൻ ആന്‍ഡ് ജർക്കിൽ 115 കിലോയും ഉയർത്തിയ ചാനു ആകെ 202 കിലോ ഭാരം ഉയർത്തി. റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ചാനുവിന് മത്സരം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. അഞ്ച് വർഷം മുൻപുണ്ടായ കനത്ത തിരിച്ചടിയിൽ നിന്നും പറന്നുയർന്ന ചാനു രാജ്യത്തിന് അഭിമാനനേട്ടമാണ് സമ്മാനിച്ചത്.
2000 സിഡ്നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരി നേടിയ വെങ്കല മെഡലിന് ശേഷം ആദ്യമായാണ് ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ വനിതയെന്ന റിക്കാർഡും ചാനുവിന് സ്വന്തമായി.