മീററ്റ്: മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ സൗരഭ് രജ്പുത്തിനെ മയക്കുമരുന്നു നൽകി വെട്ടിക്കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വീപ്പയിലടച്ച സംഭവത്തിൽ പിടിയിലായ ഭാര്യ മുസ്കാൻ റസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും കൃത്യം നടത്തിയശേഷം വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചതിന്റെയും ഹോളി ആഘോഷിച്ചതിന്റെയും ദൃശ്യങ്ങൾ പുറത്ത്.
കൊലനടത്തി പതിനൊന്നു ദിവസങ്ങൾക്കുശേഷമാണ് ഇരുവരും മണാലിയിലെത്തുന്നത്. അവിടെ ഹോളി ആഘോഷിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. മുസ്കാനും സാഹിലും വർണപ്പൊടികൾ വിതറിയ മുഖവുമായി കാമറയിലേക്കു നോക്കി പുഞ്ചിരിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. പശ്ചാത്തലത്തിൽ സംഗീതം കേൾക്കാം, മറ്റ് ആളുകളെയും കാണാൻ കഴിയും.
കൊലപാതകത്തിനു ശേഷം ഇരുവരും ഷിംലയും മണാലിയും സന്ദർശിച്ചിരുന്നു. ഹിമാചൽ പ്രദേശ് യാത്രയിൽ മുസ്കാൻ സാഹിലിന് കേക്ക് കൊടുക്കുന്നതും “ജന്മദിനാശംസകൾ’ നേരുന്നതും ചുംബിക്കുന്നതും വീഡിയോയിൽ കാണാം. യാത്രയിൽനിന്നുള്ള ചില ഫോട്ടോകളിൽ മുസ്കൻ മഞ്ഞിൽ നടക്കുന്നതും കാണാം. മുസ്കാനും സാഹിലും യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊലപാതകം പുറത്തുവന്നത്. തുടർന്ന് ഇവർ പിടിയിലാകുകയായിരുന്നു.