മോഹന്‍ലാലിന്റെ നായികയായി തന്മാത്രയിലൂടെ മലയാള സിനിമയില്‍ പ്രേക്ഷക ഇഷ്ടം നേടിയ നടി മീര വാസുദേവിന്റെ മിനിസ്ക്രീന്‍ തിരിച്ചുവരവിനു വമ്പന്‍ സ്വീകരണം.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരമ്പര കുടുംബവിളക്ക് ടെലിവിഷന്‍ റേറ്റിംഗില്‍ ആദ്യ വാരം തന്നെ 14.54 പോയിന്റോടെ റിക്കാര്‍ഡ് വിജയമാണ് നേടിയിരിക്കുന്നത്.
പോയിന്റ് നിലയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന വാനമ്പാടി പരമ്പരയുടെ 14.96 റേറ്റിംഗ് വരും വാരങ്ങളില്‍ മീരയുടെ കുടുംബവിളക്ക് മറികടക്കുമെന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.
മീര തന്നെ പ്രേക്ഷകരോട് സംസാരിക്കുന്ന പരമ്പരയുടെ പ്രമോ കുടുംബ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്നതായിരുന്നു. 2007-ല്‍ ജീവന് ടിവി സംപ്രേക്ഷണം ചെയ്ത കനല്‍പ്പൂവ് എന്ന പരമ്പരയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് മുമ്പ് മീര നേടിയിട്ടുണ്ട്.
തമിഴില്‍ സണ്‍ടിവിയിലെ പരമ്പരയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു നെഗറ്റീവ് റോളിലും മീര ഇപ്പോള്‍ മിനിസ്ക്രീനില്‍ എത്തുന്നുണ്ട്. ജനുവരി 21നു തുടക്കം കുറിച്ച കുടുംബവിളക്ക് തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ പ്രൈം ടൈം 7.30നാണു സംപ്രേഷണം ചെയ്യുന്നത്.
ബംഗാളി പരമ്പര ശ്രീമോയിയുടെ റീമേക്കായാണ് മധു ധര്മജന് ഈ പരമ്പര ഒരുക്കിയിരിക്കുന്നത്. സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെയാണ് മിര വാസുദേവ് അവതരിപ്പിക്കുന്നത്.
കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുകയും അതിനുവേണ്ടി ജീവന് ത്യജിക്കാന്‍ പോലും തയാറാകുന്നവളാണ് സുമിത്ര. അവള് നേരിടുന്ന അവഗണനകളുടെയും മോഹങ്ങളും ആഗ്രഹങ്ങളും വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളുടേയും കഥയാണ് കുടുംബവിളക്ക് പറയുന്നത്.
ഇരുപത്തഞ്ചോളം മലയാളം സിനിമകളിലും പന്ത്രണ്ടോളം തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും മീര വാസുദേവ് അഭിനയിച്ചിട്ടുണ്ട്. താക്കോലും സൈലന്സറുമാണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രങ്ങള്‍. ഒരുപിടി മികച്ച ദേശിയ പ്രൊഡക്ടുകളുടെ മോഡല്‍ കൂടിയാണ് ഈ മുംബൈക്കാരി.
പ്രേം ടി. നാഥ്