മീററ്റ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീപ്പയില്‍ ഒളിപ്പിച്ച കേസിലെ പ്രതികളെ കോടതിയിൽ അഭിഭാഷകർ കൈകാര്യം ചെയ്തു. പ്രതികളായ മുസ്കാന് റസ്തോഗിയെയും കാമുകന് സാഹില്‍ ശുക്ലയെയും മീററ്റ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണു നൂറിലേറെ അഭിഭാഷകർ പ്രതികൾക്കുനേരേ രോഷാകുലരായി പാഞ്ഞടുക്കുകയും ആക്രമിക്കുകയും ചെയ്തത്.
അതിക്രൂരമായി കൊലപാതകം നടത്തിയ പ്രതികൾ കോടതി മുറിയിൽനിന്ന് ഇറങ്ങിയശേഷമായിരുന്നു അഭിഭാഷകരുടെ ആക്രമണം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. അഭിഭാഷകർക്കിടയിൽനിന്നു പ്രതികളെ രക്ഷപ്പെടുത്തി പോലീസ് വാഹനത്തിൽ ഇരുത്തിയശേഷവും ആക്രമണമുണ്ടായി. അഭിഭാഷകർ വാഹനത്തിനുള്ളിൽ കയറിയും മർദിച്ചു. ആക്രമണത്തിന്റെ വീഡിയോ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മാർച്ച് നാലിനായിരുന്നു കൊലപാതകം നടന്നത്. മുസ്കാന്റെ ഭർത്താവ് സൗരഭ് രജ്പുതിനു മയക്കുമരുന്നു നൽകി വെട്ടിക്കൊലപ്പെടുത്തിയശേഷം മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിമുറിച്ച് ഡ്രമ്മിൽ ഒളിപ്പിക്കുകയും സിമന്റ് ഉപയോഗിച്ച് അടയ്ക്കുകയുമായിരുന്നു. സൗരഭിന്റെ കൊലപാതകം പൂർണമായും ആസൂത്രണം ചെയ്തത് മുസ്കാനാണെന്ന് മീററ്റ് പോലീസ് പറഞ്ഞു. മുസ്കാനും സാഹിലും ലഹരിക്ക് അടിമകളായിരുന്നുവെന്ന് മുസ്കാന്റെ കുടുംബം വെളിപ്പെടുത്തി. ഇതു തടഞ്ഞതതാകാം കൊലപാതകത്തിനു കാരണമെന്നാണു സംശയം. മുസ്കാനു കടുത്ത ശിക്ഷ നല്‍കണമെന്നും അവരുടെ വീട്ടുകാര്‍ പറഞ്ഞു. 2016ലായിരുന്നു സൗരഭിന്റെയും മുസ്കാന്റെയും വിവാഹം.