മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരവ് രജ്പുത്തിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടു മാറുന്നതിനു മുൻപ് തന്നെ മറ്റൊരു കൊലപാതക വാർത്തകൂടി അതേ സ്ഥലത്ത് നിന്നും വീണ്ടും. മീററ്റിലാണ് സംഭവം.
കാമുകന്റെ സഹായത്തോടെ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി എന്ന വാർത്തകേട്ടുകൊണ്ടാണ് മീററ്റ് നഗരം ഇന്ന് ഉണർന്നത്. പാന്പിന്റെ കടിയേറ്റു എന്ന് പറഞ്ഞ് ഭാര്യ രവിത 25 കാരനായ അമിത് കശ്യപിനെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ യുവാവ് മരണപ്പെട്ടു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ആ ഞെട്ടിക്കുന്ന വിവരം പുറത്താവുകയായിരുന്നു. യുവാവിന്റെ മരണ കാരണം പാന്പ്കടിയേറ്റല്ല മറിച്ച്, ശ്വാസം മുട്ടി മരിച്ചതാണെന്ന് ഡോക്ടർ പറഞ്ഞു. അതോടെ വിവരം പോലീസിൽ അറിയിച്ചു.
പോലീസ് എത്തി അമിതിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് സത്യങ്ങൾ ഒന്നൊന്നായി പുറത്ത് വന്നത്. ഭാര്യ രവിതയ്ക്ക് അമീർ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇതറിഞ്ഞ അമിത് രവിതയുമായി വഴക്കിട്ടു. അന്ന് രാത്രി ഉറങ്ങാൻ പോയ അമിതിനെ രവിത കാമുകൻ അമീറിന്റെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.
അമിതിനെ ഇരുവരും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചു. കൊലപാതക വിവരം പുറത്ത് അറിയാതിരിക്കാൻ ആയിരം രൂപയ്ക്ക് ഒരു പാമ്പാട്ടിയിൽ നിന്ന് അണലിയെ വാങ്ങി അമിതിന്റെ കിടക്കയിൽ ഇട്ടു. പിറ്റേന്ന് രാവിലെ രവിത തന്റെ ഭർത്താവിനെ പാന്പ് കടിച്ചെന്ന് പറഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.