ഇന്ത്യയുടെ പേര് വാനോളമുയർത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മീശയാണ് സോഷ്യൽമീഡിയയിൽ താരമാകുന്നത്. ധീരതയുടെ പര്യായമായാണ് അദ്ദേഹത്തിന്റെ മീശയെ സോഷ്യൽമീഡിയയിലെങ്ങും പ്രകീർത്തിക്കുന്നത്. ഇന്ത്യയിലും പുറത്തും ഈ ട്രെൻഡിംഗ് കത്തിപ്പടരുകയാണ്.
കവിളുകളുടെ ഇരുവശത്തേക്കും അറ്റം നീട്ടിയാണ് അദ്ദേഹം തന്റെ മീശയൊരുക്കിയിരിക്കുന്നത്. തമിഴ് ചിത്രങ്ങളായ സിങ്കത്തിലും പേട്ടയിലും സൂര്യയും രജനികാന്തും ഈ സ്റ്റൈൽ പരീക്ഷിച്ചിട്ടുണ്ട്. ഗണ്‍സ്ലിഞ്ചർ എന്നാണ് ഈ സ്റ്റെലിന്റെ പേര്.
കൊച്ചു കുട്ടികൾ മുതൽ പെണ്‍കുട്ടികൾ വരെ മുഖത്ത് മീശ വരച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ധാരാളമായി പ്രചരിക്കുകയാണ്. കൂടാതെ രാജസ്ഥാനിലെ ദമ്പതികൾ തങ്ങൾക്കുണ്ടായ കുഞ്ഞിന് അഭിനന്ദൻ എന്ന പേര് നൽകി. ഇന്ത്യയുടെ അഭിമാനമായി മാറിയ അഭിനന്ദൻ എന്ന പേരാണ് ഇന്നെങ്ങും മുഴങ്ങുന്നത്.
നിരവധി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും പലവിധത്തിൽ താടിയും മീശയും വെട്ടിയൊരുക്കി സോഷ്യൽമീഡിയയുടെ കൈയടി നേടിയിട്ടുണ്ട്. എന്നാൽ ഇവർക്കെല്ലാം ലഭിച്ചതിലും കൂടുതൽ വീരപരിവേഷമാണ് അഭിനന്ദൻ കൈവരിക്കുന്നത്.
ധീരതയുടെ പര്യായമായി മാറിയ ഈ മീശ സ്വന്തം മുഖത്തും തയാറാക്കുവാൻ യുവാക്കൾ ധാരളമായി എത്തുന്നുണ്ടെന്ന് ബ്യൂട്ടിപാർലർ ഉടമകളും അവകാശപ്പെടുന്നു.